ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്ന് കാമുകി1 min read

28/10/22

തിരുവനന്തപുരം :പാറശ്ശാലയിൽ കാമുകി നൽകിയ ജൂസ് കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞ ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്ന് കാമുകി.താന്‍ കുടിച്ച കഷായം തന്നെയാണ് ഷാരോണിന് നല്‍കിയതെന്ന് യുവതി ഷാരോണിന്റെ സഹോദരന്‍ സജിന് അയച്ച വാട്സ്‌ആപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വെച്ച്‌ താലികെട്ടിയിരുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.

പെണ്‍കുട്ടിയെ ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അതിലാണ് ഷാരോണിനെ കൊണ്ട് നിര്‍ബന്ധിച്ച്‌ താലി കെട്ടിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പിന്നീടാണ് സൈനികനുമായുള്ള വിവാഹം നിശ്ചയിച്ചത്.

ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ നല്‍കിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച്‌ അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി.

റെക്കോര്‍ഡ് ബുക്കുകള്‍ ഉള്‍പ്പെടെ ഈ പെണ്‍കുട്ടി എഴുതി ഷാരോണ്‍ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഷാരോണ്‍ സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ റെക്കോര്‍ഡ് ബുക്കുകള്‍ തിരികെ വാങ്ങാന്‍ പോയിരുന്നു. സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടില്‍. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്‍കി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൈപ്പ് മാറ്റാനാണ് ജ്യൂസ് നല്‍കിയത്. ഈ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.

തുടര്‍ന്ന് പാറശാല ജനറല്‍ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന് പെണ്‍കുട്ടി വിഷം നല്‍കിയത് ആണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച്‌ നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ അച്ഛന്‍ ജയരാജ് പാറശാല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവശനായ ഷാരോണ്‍ രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജ്, ഛര്‍ദിച്ച്‌ അവശനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഇഎന്‍ടിയെ കാണിച്ചെങ്കിലും കുറിച്ച്‌ നല്‍കിയ മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്റെ നില ഗുരുതരമായി. 17 -ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തി. പിന്നീട് പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി തുടങ്ങി. ഒന്‍പത് ദിവസത്തിനുള്ളില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച്‌ പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍രാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനകള്‍ ഉണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഷാരോണ്‍ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛര്‍ദ്ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠന്‍ ഷിംനോ പറയുന്നത്. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നല്‍കി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളില്‍ ചെന്നതായുള്ള സൂചനകളില്ല. കൂടുതല്‍ പരിശോധനയ്ക്ക് സാമ്പിൾ ലാബിലേക്ക് അയച്ചു. ഇതിന്‍റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *