പ്ലസ് ടു പാസ്സായ രണ്ടുലക്ഷം വിദ്യാർത്ഥികൾ ആശങ്കയിൽ,വിദൂര പഠനവും സമാന്തര പഠനവും കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ സർവ്വകലാശാലകളിൽ സ്ഥിരമായി പുനസ്ഥാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

28/9/22

തിരുവനന്തപുരം :ശീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിലവിൽ വന്നിട്ട് രണ്ടു വർഷമായിട്ടും സർവകലാശാലയ്ക്ക് സ്വന്തമായി എല്ലാ കോഴ്സുകളും ആരംഭിക്കുവാൻ അനുമതി ലഭിക്കാത്ത തുകൊണ്ട് +2 പാസ്സായ തുടർ പഠനത്തിന് പ്രവേശനം ലഭിക്കാത്ത രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ ആശങ്കയിൽ.പലരും അയൽ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ പഠനം തുടരാനുള്ള തയ്യാറെടുപ്പിലാണ്.

വിദൂരവിദ്യാഭ്യാസ കോഴ്സ് നിർത്തലാക്കിയതിനെ തുടർന്നു കേരളയിൽ നിയമിച്ചിരുന്ന 26 അധ്യാപകരെ ഓപ്പൺ സർവ്വകലാശാലയിലേക്ക് മാറ്റി നിയമിക്കുന്നതിന് പകരം അവരെ  കേരള സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ അധികമായി നിലനിർത്തുകയായിരുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നേരിട്ട് നിയമനങ്ങൾ നടത്തുകയായിരുന്നു ലക്ഷ്യമെന്ന് നേരത്തെതന്നെ ആരോപണമുയർന്നിരുന്നു.

ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ കേരള,കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളുടെ വിദൂര പഠനവും, സമാന്തര പഠനവും നിർത്തലാക്കി.

വളരെ കുറച്ച് വിദ്യാർഥികൾക്ക് താല്പര്യമുള്ള ഏഴു ഭാഷാ വിഷയങ്ങളിൽ മാത്രമാണ് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്. സ്ഥിരം അധ്യാപകരുൾപ്പടെയുള്ള സൗകര്യങ്ങളുടെ കുറവാണ് അനുമതി നിഷേധിക്കാൻ കാരണമെന്നറിയുന്നു.

കേരള സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ അധ്യാപകരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഓപ്പൺ സർവകലാശാലയിൽ നിയമിച്ചിരുന്നുവെങ്കിൽ എല്ലാ കോഴ്സുകൾക്കും അനുമതിക്കുള്ള തടസ്സം  ഒഴിവാകുമായിരുന്നു.

ഈ സാഹചര്യത്തിൽ കേരള, കാലിക്കറ്റ്‌, എംജി, കണ്ണൂർ സർവ്വകലാശാകൾക്ക് വിദൂര പഠനവും സമാന്തര പഠനവും സ്ഥിരമായി നടത്താനുള്ള അനുമതി അടിയന്തരമായി നൽകണമെന്നും, കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അധ്യാപകരെ വിദൂര വിദ്യാഭ്യാസ വകുപ്പിലേക്ക് തിരികെ മാറ്റി വിദൂര പഠനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *