തിരുവനന്തപുരം: സ്കൂട്ട് എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ചെലവുകുറഞ്ഞ എയര്‍ലൈന്‍ കമ്പനിയാണിത്. സിംഗപ്പൂരില്‍ നിന്ന് ഏഴിന് പ്രാദേശികസമയം വൈകിട്ട് 8.40ന് പുറപ്പെട്ട വിമാനം രാത്രി 10ന് തിരുവനന്തപുരത്തെത്തി.
വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ സ്വീകരിച്ചത്. 180 സീറ്റുകളുള്ള എയര്‍ബസ് 320 വിമാനമാണ് തിരുവനന്തപുരം സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസുണ്ട്.
സിംഗപ്പൂരില്‍ നിന്ന് ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലേക്കുള്ള കണക്ഷന് വിമാനങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ടിക്കറ്റെടുക്കാം.
ഓസ്ട്രേലിയ, തായ്ലന്ഡ്, ഇന്‍ഡോനേഷ്യ, ഗ്രീസ്, ജര്‍മ്മനി, ചൈന തുടങ്ങി 60 രാജ്യങ്ങളിലേക്ക് സ്കൂട്ടിന് സര്‍വീസുണ്ട്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഗുണമേന്മയുള്ള സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് സ്കൂട്ട് ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ വിനോദ് കണ്ണന് പറഞ്ഞു