ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ് എം. എസ്. സ്വാമിനാഥൻ അന്തരിച്ചു1 min read

ചെന്നൈ :ഇന്ത്യൻ കാര്‍ഷിക വിപ്ലവത്തിന്റെ  പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

1925 ഓഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്ബ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്ക് ആൻഡ് പ്ളാന്റ് ബ്രീഡിംഗില്‍ തുടര്‍പഠനം നടത്തിയതോടെയാണ് ലോകത്തെ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായി വളര്‍ന്നത്. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇതിനൊപ്പം രമണ്‍ മാഗ്‌സസെ അവാര്‍ഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.84 ഓണററി ഡോക്ടറേറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും അവയ്ക്ക് കര്‍ഷകര്‍ക്കിടയില്‍ വ്യാപകകമായ പ്രചാരണം നല്‍കുകയും ചെയ്തു . ഹരിത വിപ്ളത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു ഇത്. വിദേശത്തെ പഠനത്തിനുശേഷം 1954-ന്റെ തുടക്കത്തില്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. തുടര്‍ന്ന് 1954 ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യൻ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേര്‍ന്നു.

1972 മുതല്‍ 79 വരെ ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്ന അദ്ദേഹം ഇന്ത്യൻ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ദേശീയ കര്‍ഷക കമ്മിഷൻ ചെയര്‍മാൻ തുടങ്ങി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1943ല്‍ ബംഗാളിലുണ്ടായ കടുത്ത ഭക്ഷ്യ ക്ഷാമമാണ് രാജ്യത്തെ വിശപ്പ് രഹിതമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം അര്‍പ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേംബ്രിഡ്ജില്‍ പഠിക്കുമ്ബോള്‍ പരിചയപ്പെട്ട മിന സ്വാമിനാഥനാണ് ഭാര്യ.സൗമ്യ സ്വാമിനാഥൻ,മധുര സ്വാമിനാഥൻ,നിത്യ സ്വാമിനാഥൻ എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *