എം.ശിവശങ്കർ അറസ്റ്റിൽ1 min read

15/2/23

തിരുവനന്തപുരം :ലൈഫ് മിഷന്‍ കോഴക്കേസിൽ ശിവശങ്കറിനെ ഇ ഡി അറസ്‌റ്റ് ചെയ്‌തു .ചൊവ്വാഴ്‌ച രാവിലെ 11 മണിമുതല്‍ ആരംഭിച്ച ചോദ്യംചെയ്യലാണ് 12 മണിക്കൂറോളം നീണ്ടശേഷം അറസ്‌റ്റില്‍ കലാശിച്ചത്.കഴിഞ്ഞയാഴ്‌ച സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദിവസമാണ് ശിവശങ്കറിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകുന്നതിന് ഇഡി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് വെള്ളിയാഴ്‌ചയും തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രി 11.30ന് അറസ്‌റ്റ് ചെയ്‌തത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തിട്ടും ശിവശങ്കര്‍ കുറ്റം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകളും സന്തോഷ് ഈപ്പനുമൊന്നിച്ച്‌ ചോദ്യം ചെയ്‌തതിലെ മൊഴി വൈരുദ്ധ്യവുമാണ് അറസ്‌റ്റിന് കാരണമായത്.

ഇത് നാലാം തവണയാണ് കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത്. മുന്‍പ് 2020 ഒക്‌ടോബര്‍ 28ന് സ്വര്‍ണക്കടത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ.ഡി അറസ്‌റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 25ന് എന്‍.ഐ.എ അറസ്റ്റ് ചെയ്‌തു.2021 ജനുവരി 20ന് ഡോളര്‍ കടത്ത് കേസില്‍ കസ്‌റ്റംസും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. തുടര്‍ച്ചയായി 69 ദിവസം ജയില്‍വാസം നടത്തിയ ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ സസ്‌പെന്‍ഷനിലായെങ്കിലും പിന്നീട് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. എന്നാല്‍ വിരമിച്ചതിന് പിന്നാലെ ഏതാണ്ട് രണ്ട് വര്‍ഷത്തിന് ശേഷം ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുകയാണ്.

ഇന്ന്രാവിലെ വൈദ്യപരിശോധനയ്‌ക്ക് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ ചോദ്യംചെയ്യലിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥരെല്ലാം ഓഫീസില്‍ നിന്നും മടങ്ങി. ശിവശങ്കര്‍ ഓഫീസില്‍ തന്നെ തുടരുകയാണ്. ശിവശങ്കറിന്റെ അറസ്‌റ്റിനെ വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരെ സ്വാഗതം ചെയ്‌തു.അറസ്റ്റ് ശിവശങ്കറിൽ മാത്രം ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *