കേരള വിസിയുടെ വിലക്ക് ലംഘിച്ച് ബ്രിട്ടാസിന്റെ പ്രസംഗം,നേരിട്ട് ഹാജരാകാൻ സംഘാടകർക്ക് ഇലക്ഷൻ കമ്മീഷന്റെ നോട്ടീസ്1 min read

 

തിരുവനന്തപുരം :കേരള വിസി യുടെ വിലക്ക് ലംഘിച്ച് ജോൺ ബ്രിട്ടാസ് എം പി യെ പങ്കെടുപ്പിച്ച് യൂണിവേഴ്സിറ്റി ക്യാമ്പസിൽ യൂണിവേഴ്സിറ്റി ജീവനക്കാരുടെ യോഗം സംഘടിപ്പിച്ചതിന് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.സജിത്ത് ഖാൻ, പ്രസിഡൻറ് സന്തോഷ് നായർ എന്നിവരെ ശനിയാഴ്ച (20- 4 -24) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലക്ഷൻ കമ്മീഷന്റെ മുന്നിൽ ഹാജരാകാൻ ഇലക്ഷൻ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ നോട്ടീസ് നൽകി.

വിസി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം നടത്തരുത് എന്ന് സംഘാടകരെ വിലക്കിയിരുന്നതായി സബ് കളക്ടറെ രജിസ്ട്രാർ അറിയിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രചരണത്തിന് യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല എന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശം ഉണ്ടെന്നും, മാതൃക തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനനുള്ള വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവീനർ ആണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുമ്പോൾ
രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ക്യാമ്പസിൽ ക്ഷണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ സർക്കാർ നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഉൾപ്പെടെയുള്ളവരെ അഭിസംബോധന ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നത് കണക്കിലെടുത്താണ് വിസി ഡോ :മോഹൻ കുന്നുമ്മേൽ,ജോൺ ബ്രിട്ടാസ് പങ്കെടുക്കുന്ന യോഗം വിലക്കിയത്.

എന്നാൽ പ്രതിമാസം ജീവനക്കാർ നടത്താറുള്ള പ്രഭാഷണങ്ങളുടെ ഭാഗമായുള്ള പ്രഭാഷണമാണ് ജോൺ ബ്രിട്ടാസ് നടത്തിയത് എന്നും,രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ലെ ന്നും വോട്ട് അഭ്യർത്ഥന നടത്തിയതായി അറിവില്ലെന്നും രജിസ്ട്രാർ ഇലക്ഷൻ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ യോഗത്തിൽ വിസിയെ ബ്രിട്ടാസ് വ്യക്തിപരമായും, കേന്ദ്രസർക്കാരിനെയും യുപിഎ സർക്കാരിനെയും ജൂൺ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെയും കുറിച്ച് സുദീർഘമായി സംസാരിച്ചത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പരാതിക്കാർ ഇലക്ഷന് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *