പാലാരിവട്ടം മേൽപാലം;സർക്കാരിന് വിജയം, പാലം പൊളിച്ചു പണിയാമെന്ന് സുപ്രീം കോടതി1 min read

ന്യൂഡല്‍ഹി : പാലാരിവട്ടം മേൽപാലം വിഷയത്തിൽ സർക്കാരിന് വിജയം.  പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കി. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചെന്നൈ ഐഐടിയുടെ പഠനം, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്നും, പൊളിച്ചുപണിയുന്നതാണ് അഭികാമ്യമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹാജരായി.എന്നാല്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളെ പാലം നിര്‍മ്മാണത്തിലെ കണ്‍സള്‍ട്ടന്‍സിയായിരുന്ന കിറ്റ്കോ എതിര്‍ത്തിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് പാലം പൊളിച്ചുകളയണമെന്ന് നിര്‍ദേശിക്കുന്നതെന്നും, ഭാര പരിശോധന നടത്തി പാലത്തിന്റെ ശേഷി പരിശോധിക്കണമെന്നുമാണ് കിറ്റ്കോ ആവശ്യപ്പെട്ടത്.

പാലാരിവട്ടം പാലത്തിന്റേത് പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ , പാലാരിവട്ടം പാലം അടഞ്ഞുകിടക്കുന്നതുവഴി കൊച്ചി നഗരത്തിലും വന്‍ ഗതാഗതകുരുക്കിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *