ബിരുദ കോഴ്സ്; പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ,കേരളസർവകലാശാല യുടെവിജ്ഞാപനം ഇന്നലെ,രജിസ്ട്രേഷൻ ചൊവ്വാഴ്ച വരെ1 min read

13/11/22

തിരുവനന്തപുരം :ഡിഗ്രി, പിജി കോഴ്‌സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കാതെ സമാന്തര പഠനം വഴിമുട്ടുന്നു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചതോടെയാണ് കേരള,കാലിക്കറ്റ്, എംജി,കണ്ണൂർ സർവ്വകലാശാലകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകളും സമാന്തര പഠന കോഴ്സുകളും നിർത്തലാക്കിയത്. രണ്ടു വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം യുജിസി ഏഴു കോഴ്സുകൾക്ക് മാത്രമാണ് ഓപ്പൺ സർവകലാശാലയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്.

ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് അംഗീകാരം ലഭിക്കാത്ത വിദൂര കോഴ്‌സുകൾ നടത്തുവാൻ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കോടതി അനുമതി നൽകിയിട്ട് ഒരുമാസം പിന്നിട്ടിട്ടും ഇന്നലെയാണ് കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. അവസാന തീയതി പതിനഞ്ചാം തീയതി ചൊവ്വാഴ്ചയായാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേരുവാൻ രണ്ടുദിവസം മാത്രം ബാക്കിയുള്ളതുകൊണ്ട് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ചേരാൻ കഴിയാതെ വരും.

കാലിക്കറ്റ് രണ്ടാഴ്ചയ്ക്കു മുമ്പ് തന്നെ വിദൂര വിദ്യാഭ്യാസ കോഴ്സ്കൾക്കുള്ള വിജ്ഞാപനം നൽകിയിരുന്നു. എംജി സർവകലാശാല സർക്കാരിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, പ്രൈവറ്റ് രജിസ്ട്രേഷന് അനുമതി നൽകിയിരിക്കുകയാണ്.

എന്നാൽ കേരള, കാലിക്കറ്റ്,കണ്ണൂർ സർവ്വകലാശാലകൾ പ്രൈവറ്റ് രെജിസ്ട്രേഷൻ തുടരാൻ വേണ്ട അനുമതി സർക്കാരിൽ നിന്ന് വാങ്ങാത്തത് കൊണ്ട് ഇതേവരെ രെജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടില്ല.

കോളേജുകളിൽ പ്രവേശനം നേടാൻ കഴിയാത്ത നൂറുകണക്കിന് വിദ്യാർത്ഥികൾക്ക്, പ്രൈവറ്റ് പഠന അനുമതി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികളും,രക്ഷകർത്താക്കളും,പാരലൽ കോളേജ് അധ്യാപകരും, സർവകലാശാല വൈസ് ചാൻസർമാരെ കണ്ട് നിവേദനം നടത്തിയിട്ടും ഇതേവരെ അനുകൂല നടപടികൾ ഉണ്ടാകാതെ ആശങ്കയിലാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *