സ്കൂളുകൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തും :മന്ത്രി. വി. ശിവൻകുട്ടി1 min read

25/11/22

കോഴിക്കോട് :സ്കൂളുകൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തുമെന്ന് മന്ത്രി. വി. ശിവൻകുട്ടി

കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ‘വര്‍ണ്ണ കൂടാരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ആകെ 44 കോടി രൂപയാണ് ആക്റ്റിവിറ്റി ഏരിയകള്‍ സ്ഥാപിക്കുന്നതിന് ചെലവഴിക്കുക.

മുന്‍ വര്‍ഷം സമഗ്രശിക്ഷാ കേരളം വഴി 15 ലക്ഷം രൂപ വീതം അനുവദിച്ച്‌ നടപ്പിലാക്കിയ 42 മാതൃകാ പ്രീ സ്‌കൂളുകള്‍, സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച്‌ നടപ്പിലാക്കിയ 168 ആക്റ്റിവിറ്റി ഏരിയകളോടു കൂടിയ പ്രീ സ്‌കൂളുകള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് പദ്ധതി നടപ്പിലാക്കുന്നത്. കളിയാണ് രീതി, സ്‌നേഹമാണ് ഭാഷ എന്നതാണ് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈക്കൊണ്ടിട്ടുള്ള സമീപനം. പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളില്‍ പ്രീപ്രൈമറി വിഭാഗത്തിന് ഉച്ചഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി. ടി. എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഗേറ്റ്, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത എന്നിവയുടെ ഉദ്ഘാടനവും മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ നയം സര്‍വ്വമേഖലകളിലേക്കും വ്യാപിപ്പിച്ച്‌ കൊണ്ട് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ടം സ്കൂള്‍ തല ക്യാമ്പയിൻ , 2 മില്യണ്‍ ഗോള്‍ സ്കൂള്‍ തല കിക്ക് ഓഫ് ഉദ്ഘാടനം എന്നിവ ചേളന്നൂര്‍ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനില്‍കുമാര്‍ നിര്‍വഹിച്ചു. പി. ടി. എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ്, ആല്‍ത്തറ എന്നിവ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി ഷീബ ഉദ്ഘാടനം ചെയ്തു.

ചേളന്നൂര്‍ ബി ആര്‍ സി യുടെ ഇടപെടലിലൂടെ സമഗ്ര ശിക്ഷാ കേരളയില്‍നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചത്. വര്‍ണശഭളമായ ചിത്രങ്ങള്‍ വരച്ച ചുമരുകള്‍, ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയ ക്ലാസ് മുറികള്‍, കിഡ്സ് പാര്‍ക്ക്, ഇന്റര്‍ലോക്ക് പതിച്ച നടപ്പാതകള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രധാനാധ്യാപിക ടി. പി ഷീജ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എസ്. എസ്. കെ ഡി പി സി ഡോ. എ. കെ അബ്ദുള്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി വിനോദ്, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ മല്ലിക പുനത്തില്‍, കൈതമോളി മോഹനന്‍, ജുമൈലത്ത്, ബ്ലോക്ക്‌ – ഗ്രാമപഞ്ചായത്ത് അഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പ്രമോദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുധാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *