എം എല്‍ എ എന്ന നിലയിലല്ല, മറിച്ച്‌ പൗരനെന്ന നിലയില്‍ എല്ലാ അന്വേഷണവുമായും സഹകരിക്കുമെന്ന് മാത്യു കുഴൽനാടൻ1 min read

എറണാകുളം: ഇടുക്കിയില്‍ ഭൂമി വാങ്ങിയതില്‍ ബിനാമി ഇടപാടും നികുതി വെട്ടിപ്പും നടത്തിയെന്ന പരാതിയില്‍ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടൻ എം എല്‍ എ.നടപടിയുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്‌ടറുമായി ബന്ധപ്പെട്ടിരുന്നുവെന്നും തനിക്കെതിരെയാണ് അന്വേഷണമെങ്കില്‍ അതിന്റെ നിയമപരമായ രേഖ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമോപദേശം ലഭിച്ചതിനുശേഷം മറുപടി നല്‍കാമെന്നാണ് ഡയറക്‌ടര്‍ പറഞ്ഞതെന്നും കുഴല്‍നാടൻ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ കൂടുതല്‍ വിശ്വാസം വരണമെങ്കില്‍ രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും അതിനൊരു മാതൃകയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കുഴല്‍നാടൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘എത്ര അന്വേഷണം വേണമെങ്കിലും ഏത് നിലയ്ക്കും സര്‍ക്കാരിന് നടത്താം. എം എല്‍ എ എന്ന നിലയിലല്ല, മറിച്ച്‌ പൗരനെന്ന നിലയില്‍ എല്ലാ അന്വേഷണത്തിനും സഹകരിക്കും. കേന്ദ്രസര്‍ക്കാരിനെ പലപ്പോഴും വിമര്‍ശിക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി രാഷ്‌ട്രീയ എതിരാളികളെ നേരിടുന്നതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനുള്ള ഒരവസരമായി ഇതിനെ കാണുന്നു. അധികാര സ്ഥാനങ്ങള്‍ ഉപയോഗിച്ച്‌ എതിരാളികളെ വേട്ടയാടുന്നു.

വിജിലൻസും പൊലീസ് സംവിധാനങ്ങളും എങ്ങനെയാണ് ഇന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനുള്ള അവസരമാണ്. വിജിലൻസിനെ ഉപയോഗിച്ച്‌ തകര്‍ത്തുകളയാമെന്നോ തളര്‍ത്തിക്കളയാമെന്നോ വിചാരിക്കുന്നുവെങ്കില്‍ അതേ ആര്‍ജവത്തോടെ നിയമപരമായി പോരാടും. എല്‍ എല്‍ എയാണെന്ന ആനുകൂല്യം തനിക്ക് തരേണ്ടതില്ല. സര്‍ക്കാരിന്റെ എല്ലാ അന്വേഷണവും നടത്താം. എം എല്‍ എ എന്ന ആനുകൂല്യം വേണ്ടന്നുവയ്ക്കാൻ തയ്യാറാണ്’- കുഴല്‍നാടൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *