അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന് ;പ്രാർഥനയോടെ മധുവിന്റെ കുടുംബം1 min read

4/4/23

പാലക്കാട്‌ :അട്ടപ്പാടി മധു വധക്കേസിലെ വിധി ഇന്ന്. വിധി വരുന്നതിനു മുന്നോടിയായി മധുവിന്റെ വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്ന് 5വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുക. എല്ലാ ദൈവങ്ങളോടും പ്രാർഥിച്ച് കാത്തിരിക്കുക യാണെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.

മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. മാര്‍ച്ചില്‍ കേസിലെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് വിചാരണ തുടങ്ങിയത്. വിചാരണ ആരംഭിച്ചതിനു പിന്നാലെ അസാധാരണാമാം വിധം സാക്ഷികള്‍ കൂറു മാറിയത് വലിയ വാര്‍ത്തയായിരുന്നു.

122 സാക്ഷികളാണ് വിചാരണ ആരംഭിക്കുമ്പോള്‍ കേസിലുണ്ടായിരുന്നത്. വിചാരണ തുടങ്ങിയ ശേഷം അഞ്ച് പേരെ കൂടി ചേര്‍ത്ത് സാക്ഷികളുടെ എണ്ണം 127 ആയി. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച്‌ ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.

അതേസമയം അട്ടപ്പാടി മധുകേസില്‍ വിധി പറയാനിരിക്കേ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ അനുകൂലിക്കുന്നവരില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അക്രമം നേരിടേണ്ടി വരുമെന്ന് ഭയക്കുന്നതായും പരാതിയില്‍ പറയുന്നു. മാര്‍ച്ച്‌ 30ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയിലെത്താന്‍ വാഹനം ലഭിക്കാത്ത സാഹചര്യമുണ്ടായതായും സമരസമിതി നേതാവായ മാര്‍സനും പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ മല്ലി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *