ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കൊച്ചിയിൽ1 min read

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ സ്‌പെക്‌ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്തെത്തി. 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്കിടെയാണ് റോയല്‍ കരീബിയിന്‍ ഇന്റര്‍നാഷനലിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ കൊച്ചി തീരത്തെത്തിയത്.

1.25 ബില്യണ്‍ ഡോളര്‍ (125 കോടി രൂപ) ചെലവില്‍ കഴിഞ്ഞ മാസം ജര്‍മനിയില്‍ പണി കഴിപ്പിച്ച കപ്പല്‍ ഇന്ത്യന്‍ തീരങ്ങളില്‍ ഇതുവരെ അടുത്തിട്ടുള്ളതില്‍ ഏറ്റവും വലുതും , ഏറ്റവും ചെലവേറിയതും സാങ്കേതിക തികവുള്ളതും, ഏറ്റവും നൂതനവുമായ ആഡംബര കപ്പലാണ്.

517 ദിവസമെടുത്താണ് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2017 നവംബര്‍ എട്ടിനാണ് നിർമ്മാണം ആരംഭിക്കുന്നത്.

കപ്പലില്‍ 16 ഡെക്കുകളാണ് ഉള്ളത്. ഇതിൽ 5,622 അതിഥികളെ ഉള്‍ക്കൊള്ളാനാവും. നിലവില്‍ 4007 യാത്രക്കാരാണ് കപ്പലിലുള്ളത്. 715 കപ്പല്‍ ജീവനക്കാരില്‍ 200 പേരും ഇന്ത്യക്കാരാണ്. 117 ഇന്ത്യക്കാരും കപ്പലില്‍ യാത്രക്കാരായുണ്ട്.

ആദ്യ യാത്ര ബാഴ്‌സലോണയില്‍ നിന്ന് ദുബയിലെക്ക് ആയിരുന്നു. ഇത് രണ്ടാംഘട്ട യാത്രയാണ്. മെയ് നാലിന് ദുബയ് പോര്‍ട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 18ന് വൈകീട്ട് സിംഗപ്പൂരില്‍ യാത്ര അവസാനിപ്പിക്കും.

അടുത്ത മാസം ഷാങ്ഹായിയില്‍ നിന്നാണ് കപ്പലിന്റെ മൂന്നാംയാത്ര. ഈ വര്‍ഷം നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ 34 വിവിധ യാത്രകള്‍ക്ക് ശേഷം അറ്റകുറ്റപ്പണിക്കായി കപ്പല്‍ സിംഗപ്പൂരില്‍ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *