ഇക്കാര്യത്തില്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകളാണ് ഈ സൂചന നല്‍കുന്നത്. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട മൂന്ന് എ ക്ലാസ്സ് സീറ്റുകളില്‍ നിന്നും ഇത്തവണ ബിജെപി പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത് ഇന്ത്യാ ടിവിയും സിഎന്‍എക്സും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ്.
ഭാരതീയ ജനതാപാര്‍ട്ടി ഏറ്റവും കുറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെങ്കിലും ജയിക്കുമെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. ഇത്തവണ എന്തായാലും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം ഈ മണ്ഡലങ്ങള്‍ ഏതായിരിക്കുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ബിജെപിയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരനും തൃശൂരില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപിയുമാണ് മത്സരിക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂരിനെതിരേ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അതിശക്തമായ മത്സരം നല്‍കുമെന്നാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. ആറ്റിങ്ങലില്‍ വി. മുരളീധരന്റെ സാന്നിദ്ധ്യം ഗുണകരമാകുമെന്നും വിലയിരുത്തുന്നു.
ആറ്റിങ്ങലില്‍ വി. മുരളീധരന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ദുരിതസാഹചര്യങ്ങളില്‍ പെട്ടവരെ നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വി. മുരളീധരന് വ്യക്തിപരമായ സ്വാധീനം കൂടാനിടയായിട്ടുണ്ട്. കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തിവോട്ടുകളായി മാറിയേക്കാമെന്ന് വിലയിരുത്തലുണ്ട്. ഇതിനൊപ്പം കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിയ്ക്ക് ആറ്റിങ്ങലിലെ വോട്ടുഷെയറില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി കാണാം. 2014 ല്‍ ഗിരിജാകുമാരി മത്സരിച്ചപ്പോള്‍ 90,000 വോട്ടുകള്‍ മാത്രമാണ് കിട്ടിയ ബിജെപിയ്ക്ക് 2019 ല്‍ ശോഭാസുരേന്ദ്രന് മത്സരിച്ചപ്പോള്‍ വോട്ടുഷെയര്‍ 2,48,000 ആയി ഉയര്‍ന്നിരുന്നു.
ഇത്തവണ കേരളത്തിലെ ബിജെപിയുടെ ഏറ്റവും വലിയ മുഖമായ വി. മുരളീധരന് എത്തുമ്ബോള്‍ ബിജെപി വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിഗത വോട്ടുകളും അദ്ദേഹത്തിന് കിട്ടുമെന്നാണ് ബിജെപി ക്യാമ്ബ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ വികസനം പറഞ്ഞായിരിക്കും വോട്ടു തേടുക. കേരളത്തില്‍ ദേശീയനേതാവ് മത്സരിക്കുക എന്ന അജണ്ഡയിലാണ് രാജീവ് ചന്ദ്രശേഖര്‍ എത്തിയതെങ്കിലും സിറ്റിംഗ് എംപി ശശി തരൂരിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഇന്ത്യാ ടി.വി. സര്‍വേ പറയുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ തിരുവനന്തപുരം കൂടെ പോരുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.
2014,2019 വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താല്‍ ബിജെപിയുടെ വോട്ടുകള്‍ ഇവിടെ കൂടി വരുന്നതായി കാണാനാകും. 2009 ല്‍ കൃഷ്ണദാസ് മത്സരിച്ചപ്പോള്‍ കിട്ടിയ 84,000 വോട്ടുകളില്‍ നിന്നും 2014 ല്‍ ഒ രാജഗോപാല്‍ നേടിയെടുത്തത് 2,82,000 വോട്ടുകളായിരുന്നു. 2019 ല്‍ അത് 3,16,000 ആയിട്ടാണ് കൂടിയത്. അതായത് പത്തു വര്‍ഷം കൊണ്ട് 2.36 ലക്ഷം വോട്ടുകള്‍ക്ക് മുകളിലാണ് ബിജെപിയിലേക്ക് മറിഞ്ഞത്. മറുവശത്ത് ശശിതരൂരിന്റെ വോട്ടുകളിലും വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു. 2009 ല്‍ നാലാം സ്ഥാനത്തായിരുന്ന ബിജെപിയ്ക്ക് കഴിഞ്ഞ രണടു തെരഞ്ഞെടുപ്പുകളിലും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞു. ഒരു ദേശീയനേതാവിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് വലിയ ഗുണമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി ബിജെപിയുടെ ശക്തമായ പ്രകടനത്തിലൂടെ തൃശൂര്‍ മണ്ഡലം പെട്ടെന്ന് ശ്രദ്ധനേടിയിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിന് തോല്‍വി ഏറ്റുവാങ്ങിയ സുരേഷ്ഗോപിയെ തന്നെയാണ് ബിജെപി ഇത്തവണയും തൃശൂരില്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ തവണ തോല്‍വി നേരിട്ടെങ്കിലൂം അപ്പോള്‍ മുതല്‍ മണ്ഡലത്തില്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സുരേഷ്ഗോപി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. മണ്ഡലത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദ്ദേഹം ഇത്തവണ തൃശൂരിനെ കനത്ത മത്സരം നടക്കുന്ന മണ്ഡലമാക്കി മാറ്റിയിട്ടുണ്ട്. ഇവിടെയും ബിജെപിയുടെ വോട്ടുഷെയര്‍ കൂടിയതായി കാണാം.
2009ല്‍ വെറും 54,000 വോട്ടുകള്‍ മാത്രം കിട്ടിയ ബിജെപിയ്ക്ക് 2014 ല്‍ വോട്ട് ഒരുലക്ഷമായി ഉയരുകയും 2019 ല്‍ സുരേഷ്ഗോപി കഴിഞ്ഞതവണ മത്സരിച്ചപ്പോള്‍ 2,90,000 വോട്ടുകളായി ഉയരുകയും ചെയ്തു. പത്തുവര്‍ഷം കൊണ്ട് നേടിയത് 1,90,000 വോട്ടുകളുടെ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിജെപിയ്ക്കായി. അഞ്ചുവര്‍ഷമായി മണ്ഡലത്തില്‍ സജീവമായി നില്ക്കുന്ന സുരേഷ്ഗോപിയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചാല്‍ ഇത്തവണ തൃശൂര്‍ എടുക്കാമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷ. തൃശൂരിലെ ബിജെപിക്കാര്‍ക്കൊപ്പം ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി വീഴിക്കാനാണ് സുരേഷ്ഗോപിയുടെ ശ്രമം.
ഇന്ത്യാടിവി-സിഎന്‍എക്സ് അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 11 സീറ്റുകളില്‍ യു ഡി എഫ് ആധിപത്യം നേടിയേക്കും, ബാക്കിയുള്ള സെഗ്മെന്റുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചേക്കും. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മില്‍ കടുത്ത പോരാട്ടമാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ 19 എണ്ണത്തിലും വിജയിച്ച് യു.ഡി.എഫ് ഏറെക്കുറെ ക്ലീന്‍ സ്വീപ്പ് ചെയ്തിരുന്നു.