സംസ്ഥാന പോലീസിൽ ഐപിഎസ് നൽകാനുള്ളവരുടെ പട്ടിക തയ്യാറായി. 2021- 2022 വർഷത്തെ ഒഴിവുകളിലേക്ക് നിയമനത്തിനുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരളം കേന്ദ്രത്തിന് നൽകിയ 60 പേരുടെ പട്ടികയിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുത്തത്. പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിമേൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
പട്ടികയിൽ ഇടം പിടിച്ച എസ്പിമാർ ഇവരാണ്:
ജെ.കിഷോർ കുമാർ, കെ.കെ.മാർക്കോസ്, സജീവ്, വി.ജി. വിനോദ് കുമാർ, പി.എ.മുഹമ്മദ് ആരീഫ്, എ. ഷാനവാസ്, എസ്.ദേവമനോഹർ, മുഹമ്മദ് ഷാഫി, ബി.കൃഷ്ണകുമാർ (സീനിയർ), കെ.സലിം, ടി.കെ.സുബ്രഹ്മണ്യൻ, എം.ജെ.സോജൻ, കെ.വി.മഹേഷ് ദാസ്, എ.നസിം, കെ.കെ.മൊയ്തീൻകുട്ടി, എസ്.ആർ.ജ്യോതിഷ് കുമാർ, വി.ഡി.വിജയൻ, പി.വാഹിദ്, എം.പി.മോഹന ചന്ദ്രൻ, ബി.കൃഷ്ണകുമാർ (ജൂനിയർ-1)
പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ മറ്റുള്ളവരോ, പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന് പരാതിയുള്ളവരോ നിയമനടപടിക്ക് ഒരുങ്ങുന്നതും അതിൻ്റെ പേരിൽ തീരുമാനം വൈകുന്നതും കഴിഞ്ഞ കുറേക്കാലമായി പതിവാണ്. ഇത്തവണയും അച്ചടക്ക നടപടിയുടെ കാര്യം കാണിച്ച് എസ്പി ജെ.കിഷോർ കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് എതിരെ സർക്കാർ നിലപാട് എടുത്തിരുന്നു. 2001ലെ ഒരു കേസിൽ 2010ൽ അന്വേഷണം നടത്തിയ ഇദ്ദേഹം നാലുപേരെ തെറ്റായി അറസ്റ്റ് ചെയ്തു എന്നതിൻ്റെ പേരിൽ ഇനിയും പൂർത്തിയാകാത്ത അന്വേഷണം ആയിരുന്നു വിഷയം. ഇതിനെതിരെ കിഷോർ കുമാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെ നീണ്ട അന്വേഷണം കൊണ്ട് ഇനിയാർക്കും ഒരു ഗുണവും കിട്ടാനില്ലെന്ന് ഹൈക്കോടതി നിലപാട് എടുക്കുകയായിരുന്നു.