അഭിമാനമായി അഭിലാഷ് ടോമി…1 min read

29/4/23

പാരീസ് :  ഗോള്‍ഡന്‍ ഗ്ളോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച്‌ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനും ചങ്ങനാശേരി സ്വദേശിയുമായ അഭിലാഷ് ടോമി.

2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയില്‍ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് 43കാരനായ അഭിലാഷ് ടോമി കുറിച്ചത്.

എട്ട് മാസങ്ങള്‍ക്ക് ശേഷം പ്രാദേശിക സമയം രാവിലെ 10.30യോടെ ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് മടങ്ങിയെത്തിയത്. 1968ലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന പായ് വഞ്ചിയില്‍ 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും കൊണ്ട് 48,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അഭിലാഷിന്‍റെ ഒറ്റയാള്‍ യാത്ര അവസാനിച്ചത്.

2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂര്‍ത്തിയാക്കാന്‍ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വഞ്ചിയുടെ പായ്മരത്തില്‍ നിന്ന് വീണ അഭിലാഷിന്‍റെ സ്പൈനല്‍കോഡിന് ഗുരുതര പരിക്കേറ്റിരുന്നു.

ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. 2022 സെപ്റ്റബര്‍ നാലിന് 16 പേരുമായി ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ഉള്‍പ്പെടെ മൂന്ന് പേരാണ് അവശേഷിച്ചത്. 111 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഓസ്ട്രിയന്‍ താരം മൈക്കല്‍ ഗുഗ്ഗന്‍ബെര്‍ഗര്‍ ആണ് മൂന്നാം സ്ഥാനത്ത്.

കിരീടം നേടിയ കിര്‍സ്റ്റന്‍ ന്യൂഷാഫര്‍

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒന്നാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിത താരം കിര്‍സ്റ്റന്‍ ന്യൂഷാഫര്‍ ആണ് കിരീടം നേടിയത്. 235 ദിവസവും 5 മണിക്കൂറും 44 മിനിട്ടും കൊണ്ട് പായ് വഞ്ചിയില്‍ 30,290 നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടിയാണ് 39കാരിയായ കിര്‍സ്റ്റന്‍ ലോക ചുറ്റി മത്സരം പൂര്‍ത്തിയാക്കിയത്. പായ് വഞ്ചിയോട്ട മത്സരത്തില്‍ വിജയിക്കുന്ന ആദ്യ വനിതയും ആദ്യ ദക്ഷിണാഫ്രിക്കന്‍ നാവികയുമാണ് കിര്‍സ്റ്റന്‍.

2012ലാണ് നാവികസേന ഉദ്യോഗസ്ഥനായിരിക്കെ സാഗര്‍ പരിക്രമയുടെ ഭാഗമായി അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് മാദേയി എന്ന പായ് വഞ്ചിയില്‍ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകള്‍ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലില്‍ മുംബൈയില്‍ തിരിച്ചെത്തി. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. നാവികസേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് വിരമിച്ച അഭിലാഷിനെ കീര്‍ത്തി ചക്ര, ടെന്‍സിങ് നോര്‍ഗെ പുരസ്‌കാരം എന്നിവ നല്‍കി ആദരിച്ചിരുന്നു.

കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയും മുന്‍ നാവികസേന ഉദ്യോഗസ്ഥനുമായ വി.സി ടോമിയുടെയും വല്‍സമ്മ ടോമിയുടെയും മകനാണ്. ബംഗാള്‍ സ്വദേശി ഊര്‍മിമല നാഗ് ആണ് ഭാര്യ. വേദാന്ത്, അബ്രനീല്‍ എന്നിവര്‍ മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *