ന്യൂഡൽഹി :അദാനിക്ക് ആശ്വാസം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
എന്നാല്‍ സെബിയുടെ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം നല്‍കുമെന്നും കോടതി അറിയിച്ചു. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. അനാമിക ജയ്സ്വാള്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയിലും സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ) അന്വേഷണത്തിലും അവിശ്വാസം അറിയിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്തുവന്നത്. കമ്ബനി മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നായിരുന്നു ഹിൻഡൻബര്‍ഗിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വൻതോതില്‍ ഇടിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ സമ്ബന്നരുടെ പട്ടികയില്‍ അദാനി ഏറെ പിന്നിലാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് അദാനി ഗ്രൂപ്പിനെതിരെയുളള നിയമലംഘന ആരോപണങ്ങള്‍ സെബിയുടെ അന്വേഷണത്തിന് സുപ്രീംകോടതി വിട്ടത്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇതിനിടെ, ആറുമാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 14 വരെ സമയം അനുവദിച്ചു. വീണ്ടും 15 ദിവസം കൂടി സമയം ചോദിക്കുകയായിരുന്നു.