അടൂർ പ്രകാശിന്റെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പരാതി: വാസ്തവ വിരുദ്ധമെന്ന് ജില്ലാ കളക്ടർ ; സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കളക്ടര്‍2 min read

 

തിരുവനന്തപുരം :ആറ്റിങ്ങല്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുള്ളതായി സംശയിച്ച് അടൂര്‍ പ്രകാശ് എം.പി ചീഫ് ഇലക്ടറൽ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിച്ച പരാതിയിന്‍മേല്‍ വിശദമായ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. നടപടികള്‍ ചുവടെ നല്‍കുന്നു.

**എം.പി നല്‍കിയ 1,72,015 പേരുടെ ലിസ്റ്റ്, പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തുന്നതിന് ആറ്റിങ്ങല്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ 7 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചു.

**ഓരോ മണ്ഡലങ്ങളിലെയും സ്‌പെഷ്യല്‍ ടീം അവരവരുടെ മണ്ഡലങ്ങളിലെ കേസുകള്‍ ബൂത്ത് അടിസ്ഥാനത്തില്‍ തരംതിരിക്കുകയും, അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധനക്കായി കൈമാറുകയും ചെയ്തു.

**ബി.എല്‍.ഒ-മാര്‍ അതാത് ബൂത്തുകളിലെ വോട്ടര്‍ പട്ടിക പൂര്‍ണ്ണമായും പരിശോധിക്കുകയും, ഇരട്ടിപ്പിന് കാരണമാകാവുന്ന absent/death/shifted കേസുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ബോധ്യപ്പെട്ട കേസുകള്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

**ഇത്തരത്തില്‍ വിശദമായ പരിശോധന നടത്തിയതില്‍, എം.പി നല്‍കിയ ലിസ്റ്റിലെ 1,72,015 കേസുകളില്‍ 439 കേസുകള്‍ (0.26%) മാത്രമാണ് ഇരട്ടിപ്പായി കണ്ടെത്തി യിട്ടുള്ളത്.

**ഈ കേസുകള്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തുടര്‍നടപടികള്‍ക്കായി കൈമാറുകയും, ഈ 439 കേസുകളും വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

പരാതിയുടെ പശ്ചാത്തലില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കാലളവിലെ H2H പരിശോധന, കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന ശുദ്ധീകരണ പ്രക്രിയകള്‍, കരട് പട്ടികയിന്മേല്‍ ലഭ്യമായ ആക്ഷേപങ്ങളുടെ തീര്‍പ്പാക്കല്‍, തുടര്‍ന്നുള്ള H2H പരിശോധന തുടങ്ങിയ ഘട്ടങ്ങളില്‍ ക്രിയാത്മകമായ രീതിയില്‍ വോട്ടര്‍ പട്ടിക സംശുദ്ധമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

**വിവിധ ഘട്ടങ്ങള്‍: വീടുവീടാന്തരം പരിശോധന: 21-07-2023
ആകെ വോട്ടര്‍മാര്‍: 1375415
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം: 14
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍: 14
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം: 0.001%

***വിവിധ ഘട്ടങ്ങള്‍: കരട് വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം-17-10-2023
ആകെ വോട്ടര്‍മാര്‍:1362551
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം: 107
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍: 107
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം: 0.008%

***വിവിധ ഘട്ടങ്ങള്‍: അന്തിമ വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം: 22-01-2024
ആകെ വോട്ടര്‍മാര്‍: 1373827
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം: 1661
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍: 1661
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം: 0.12%

***വിവിധ ഘട്ടങ്ങള്‍: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം നാളിതുവരെയുള്ള ശുദ്ധീകരണ പ്രവര്‍ത്തികള്‍-04-04-2024 വരെ
ആകെ വോട്ടര്‍മാര്‍: 1396805
കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം: 1649
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍: 1649
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം: 0.12%

***ഇതുവരെ ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണം: 3431
വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ കേസുകള്‍: 3431
ആകെ വോട്ടര്‍മാര്‍ക്ക് ആനുപാതികമായി കണ്ടെത്തിയിട്ടുള്ള ഇരട്ടിപ്പുകളുടെ ശതമാനം: 0.24%

**ഈ പ്രക്രിയകളില്‍ ശ്രീ.അടൂര്‍ പ്രകാശ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 439 ഇരട്ടിപ്പു കേസുകളും ഉള്‍പ്പെട്ടു വരുന്നുണ്ട്. അപ്രകാരം, ആകെ 3431 ഇരട്ടിപ്പുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനും അതുവഴി സുതാര്യവും നിഷ്പക്ഷവും കുറ്റമറ്റരീതിയിലും വോട്ടര്‍ പട്ടിക സംശുദ്ധമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

**മേല്‍ പരാമര്‍ശിച്ച കേസുകള്‍ക്കു പുറമേ ഇരട്ടിപ്പായി കണ്ടെത്തിയിട്ടുള്ള 85 കേസുകള്‍ ASD ലിസ്റ്റാക്കി പോളിംഗ് സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്.

**അടൂര്‍ പ്രകാശ് എം.പി 03-04-2024 ന് ഉന്നയിച്ചിട്ടുള്ള പ്രധാന ആക്ഷേപങ്ങളും ആയതിനുള്ള മറുപടിയും ചുവടെ ചേര്‍ക്കുന്നു.

*ഒരു വോട്ടര്‍ക്ക് അതേ മണ്ഡലത്തിലോ സമീപ മണ്ഡലങ്ങളിലോ ഒരേ ബൂത്തിലോ, വ്യത്യസ്ത ബൂത്തുകളിലോ ആയി ഒന്നില്‍ കൂടുതല്‍ വോട്ടുകള്‍ ഉള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്.

വോട്ടര്‍മാര്‍ സ്ഥലംമാറി പോകുന്ന സാഹചര്യം, ഫോട്ടോ സാമ്യതയുള്ള (PSE) കേസുകള്‍, പേര്, അഡ്രസ് തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങള്‍ സാമ്യതയുള്ള (DSE) കേസുകള്‍, ഒരാള്‍ ഒന്നിലധികം തവണ അപേക്ഷ സമര്‍പ്പിക്കുന്ന സാഹചര്യം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇരട്ടിപ്പുകള്‍ വരാന്‍ സാധ്യതയുണ്ട്. അത്തരം കേസുകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി പരിശോധിക്കുകയും,മേല്‍ പരാമര്‍ശിച്ച ശുദ്ധീകരണ പ്രക്രിയ കളിലൂടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

**ആറ്റിങ്ങല്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ 8.32% ഇരട്ട വോട്ടുകളാണെന്ന് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

വോട്ടര്‍ പട്ടികയുടെ വിവിധ ഘട്ടങ്ങളിലുള്ള ശുദ്ധീകരണ പ്രക്രിയകളിലൂടെ നാളിതു വരെ 0.24 % ഇരട്ടിപ്പുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ആയതിനാല്‍ 8.32 % ഇരട്ടിപ്പുകള്‍ വന്നിട്ടുണ്ടെന്നുള്ള ആക്ഷേപം തികച്ചും വാസ്തവ വിരുദ്ധമാണ്.

**27-10-2023 ലെ കരട് പട്ടികയില്‍, 1,72,015 ഇരട്ട വോട്ടുകളായിരുന്നുവെന്നും, കരട് പട്ടിക അന്തിമമാക്കിയപ്പോള്‍ ജില്ലാ കളക്ടര്‍ അറിയിച്ച വിവരത്തെ സാധൂകരിക്കുന്ന
തരത്തില്‍ വോട്ടര്‍ പട്ടികയില്‍, 22,985 ഇരട്ട വോട്ടുകള്‍ നീക്കം ചെയ്തതായി പരാമര്‍ശിച്ചിട്ടുണ്ട്.

എം.പി നല്‍കിയ ലിസ്റ്റ് പരിശോധിച്ചതിന്‍ പ്രകാരം കണ്ടെത്തിയ 439 ഇരട്ടിപ്പു കേസുകള്‍ ഉള്‍പ്പെടെ, സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ തുടങ്ങിയ 21-07-2023 മുതല്‍ നാളിതുവരെ വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ നടത്തിയതില്‍, ആകെ 3431 കേസുകള്‍ മാത്രമാണ് ഇരട്ടിപ്പായി കണ്ടെത്തിയിട്ടുള്ളത്. ഈ 3431 ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്. ആയതിനാല്‍ 22,985 ഇരട്ട വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നുള്ള പരാമര്‍ശം അടിസ്ഥാനരഹിതമാണ്.

**കരട് പട്ടികയില്‍ നിന്നും 22,985 ഇരട്ട വോട്ടുകള്‍ നീക്കം ചെയ്തുവെങ്കിലും പിന്നീട് ഇരട്ട വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തതിനാലാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ 1,64,006 ഇരട്ട വോട്ടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

അടൂര്‍ പ്രകാശ് എം.പി സമര്‍പ്പിച്ച പരാതിയുടെ ഗൗരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് വോട്ടര്‍ പട്ടിക ക്രിയാത്മകമായ നടപടികളിലൂടെ ശുദ്ധീകരിച്ചിട്ടുള്ളതും കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നാളിതുവരെ കണ്ടെത്തിയ 3431 ഇരട്ടിപ്പുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്. ഇപ്രകാരം സൂക്ഷ്മമവും സുതാര്യവുമായ നടപടി കളിലൂടെ വോട്ടര്‍ പട്ടിക സംശുദ്ധമാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ 1,64,006 ഇരട്ട വോട്ടുകള്‍ നിലവിലുണ്ടെന്നുള്ള ആക്ഷേപം വാസ്തവ വിരുദ്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *