1/5/23
തിരുവനന്തപുരം: എ ഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കെല്‍ട്രോണ്‍. ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും ഉപകരാര്‍ കമ്പനിയുടെ വിശദാംശങ്ങളുമാണ് കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രസാഡിയോയയും ട്രോയ്‌സും പ്രധാന പദ്ധതി നിര്‍വഹണ സഹായികളാണെന്നാണ് എസ് ആര്‍ ഐ ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെണ്ടര്‍ ഇവാലൂഷ്യനില്‍ എസ് ആര്‍ ഐ ടിയ്ക്ക് 100ല്‍ 95 മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി കടലാസ് കമ്പനി കളുടെ മാനേജറെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ല. ഇതേക്കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ ആരാണ് പ്രതിപക്ഷനേതാവെന്ന് ചോദിച്ച് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ് എ ഐ കാമറ തട്ടിപ്പെന്ന് ചെന്നിത്തല ആരോപിച്ചു.