12/4/23
ഡൽഹി :അൽഫോൻസ് കണ്ണന്താനം ബിജെപി കോർ കമ്മറ്റിയിൽ.സംസ്ഥാന, ദേശീയ ഭാരവാഹികള്‍ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകുന്നതാണ് പതിവ്. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം നിലവില്‍ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്നില്ല. എങ്കിലും ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. നിലവില്‍ എറണാകുളത്ത് നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്നുണ്ട്..പാര്‍ട്ടി വ്യവസ്ഥയനുസരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശകസമിതിയെന്ന നിലയിലാണ് കോര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. വിവിധ വിഷയങ്ങളിലും പ്രശ്നങ്ങളിലും പാര്‍ട്ടി ഏതു നിലപാട് സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോറിന്റെ ചുമതലയാണ്.
ഇക്കഴിഞ്ഞ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പാര്‍ട്ടി നിര്‍ണായക റോള്‍ നല്‍കിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയോടു ചേര്‍ത്തു നിര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ ബിജെപി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
കേരളത്തിന്റെ ചുതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ.രാജഗോപാല്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ് എന്നിവരും സംസ്ഥാന ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍.