ആശങ്കയായി നെയ്യാറ്റിൻകരയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം;നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ മൂന്നാമതൊരു സ്ഥലത്തും രോഗബാധ1 min read

തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം.നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ മൂന്നാമതൊരു സ്ഥലത്തും രോഗബാധ.

രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരിക്കെ, ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ് (24) രോഗം കണ്ടെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്തും രോഗബാധ സ്ഥിരീകരിക്കുന്നത് .

മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണു ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി.ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയാണ് രോഗികൾക്ക് നൽകുന്നത്.

രോഗം ബാധിച്ച് നെയ്യാറ്റിൻകര കണ്ണറവിള പൂതംകോട് സ്വദേശി അഖിൽ (27) കഴി‌ഞ്ഞ മാസം 23നാണ് മരിച്ചത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 5 പേർക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവിൽകുളത്തിൽ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. പൊതുകുളം ഉപയോഗിക്കാത്ത പേരൂർക്കട സ്വദേശിക്കു രോഗമുണ്ടായത് എവിടെനിന്നാണെന്നു കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞദിവസം, ആരോഗ്യവകുപ്പ് അധികൃതർ കാവിൻകുളത്തിലെ കലങ്ങിയ വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് നൽകിയെങ്കിലും ഫലം ലഭിച്ചിട്ടില്ല. മുൻപ് കുളത്തിൽ നിന്ന് ശേഖരിച്ചത് തെളിഞ്ഞ വെള്ളമായതിനാൽ പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ലോകത്ത് ഇതുവരെ 200 പേർക്കു മാത്രമാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുള്ളതെന്നിരിക്കെ, ജില്ലയിൽ മൂന്നിടത്തായി ഇത്രയും പേർക്ക് രോഗബാധയുണ്ടായത് ആശങ്കയുണ്ടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *