14/3/23
ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന്ഷംസീര്‍. സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചപ്പോഴായിരുന്നു സംഭവം. പ്രതിപക്ഷ എം.എല്‍.എമാരെ പേരെടുത്ത് വിളിച്ചായിരുന്നു സ്പീക്കറുടെ പരാമര്‍ശം.
‘മുഖം മറക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ഇത് ജനങ്ങള്‍ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ് കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോണ്‍ അങ്കമാലിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. വിനോദ് ഇതൊക്കെ എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് തന്നെയാണ് മോശം. ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. ജനങ്ങള്‍ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ഷാഫി അടുത്ത തവണ തോല്‍ക്കും, അവിടെ തോല്‍ക്കും’ -സ്പീക്കര്‍ പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍ക്കെതിരായ പൊലീസ് നടപടിയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ്മീഷന്‍ ആയി പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.
മുതിര്‍ന്ന നേതാക്കളെ വരെ ക്രൂരമായി മര്‍ദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശന്‍ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പരാമര്‍ശവുമായി സ്പീക്കര്‍ രംഗത്തെത്തിയത്.