സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം1 min read

28/10/2023

ചരിത്രത്തില്‍ ഇതാദ്യം: മികച്ച ചാനലൈസിങ് ഏജന്‍സി

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കരസ്ഥമാക്കിയത്. കോര്‍പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സുസ്ഥിരമായ പ്രവര്‍ത്തന പുരോഗതി, ഉയര്‍ന്ന വായ്പ വിനിയോഗം, കൃത്യമായ തിരിച്ചടവ്, മൂലധന നിക്ഷേപം തുടങ്ങി വിവിധ പ്രവര്‍ത്തന ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള വിലയിരുത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് വനിതാ വികസന കോര്‍പറേഷന്‍ ഈ നേട്ടം കൈവരിച്ചത്. ഈ കാലയളവില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 22,580 വനിതകള്‍ക്ക് 375 കോടി രൂപ വായ്പ നല്‍കാന്‍ വനിതാ വികസന കോര്‍പറേഷന് സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം 10 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദീര്‍ഘകാലം ഒന്നാം സ്ഥാനക്കാരായിരുന്ന ഏജന്‍സികളെ ഉള്‍പ്പെടെ പിന്നിലാക്കിയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ഈ വിജയം കരസ്ഥമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷങ്ങളായി സ്ഥാപനം നല്‍കിവരുന്നു.
ദേശീയ ധനകാര്യ വികസന കോര്‍പറേഷനുകളില്‍ നിന്നും വായ്പ എടുക്കുന്നതിനായി 805.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോര്‍പ്പറേഷന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ചത്. ഇതിലൂടെ കോര്‍പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായകമായ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോര്‍പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള പുരസ്‌കാരങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ കരസ്ഥമാക്കാനും സംസ്ഥാന വനിതാ വികസന കോര്‍പറേഷന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *