21/10/2023
ജറുസലേം: ഹമാസിന് വീണ്ടും കനത്ത തിരിച്ചടി. ഹമാസിന്റെ മറ്റൊരു കമാൻഡറെ കൂടി വധിച്ചതായി ഇസ്രായേല്‍ സേന അറിയിച്ചു.
നാവിക സേനാ വിഭാഗം തലവൻ മബ്ദുഹ് ഷാലബിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം ഹമാസ് ഉന്നത നേതാക്കളെയാണ് ഇസ്രായേല്‍ വധിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഇസ്രായേല്‍ കരസേനയും, നാവിക സേനയും സംയുക്തമായി ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. ഇതിലാണ് മബ്ദുഹ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇസ്രായേല്‍ നാവിക സേനയ്‌ക്കെതിരെയുണ്ടായ ആക്രമണങ്ങളെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് നടന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മബ്ദുഹിനെ വധിച്ചത് ഹമാസിനെതിരായ പോരാട്ടത്തില്‍ ഏറെ നിര്‍ണായകമായിരിക്കുകയാണ് ഇസ്രായേലിന്.
അതേസമയം, മബ്ദുഹിന് പുറമേ ഹമാസിന്റെ രണ്ട് നേതാക്കളെ കൂടി ഇസ്രായേല്‍ വധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ സഹസംഘടനയായ പോപ്പുലര്‍ റെസിസ്റ്റൻസ് കമ്മിറ്റി നേതാവ് റഫാത്ത് അബു ഹിലാല്‍, ഹമാസ് സ്ഥാപകരില്‍ ഒരാളായ അബ്ദെല്‍ ആസീസ് അല്‍ റാൻഡിസിയുടെ ഭാര്യ ജമീല അല്‍ ശാന്തി എന്നിവരെയാണ് വധിച്ചിരിക്കുന്നത്.