25/22/2023
രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കക്കോടി കുടുംബാരോഗ്യ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്. എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എ.എം.ആര്‍. കമ്മിറ്റിയേയും മന്ത്രി അഭിനന്ദിച്ചു.
മനുഷ്യരിലെയും മൃഗങ്ങളിലെയും രോഗങ്ങള്‍ മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത ഒരു സാഹചര്യത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ ലോകം അങ്ങനെയൊരു അവസ്ഥയില്‍ എത്തപ്പെടാം. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രീയമായ കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’ എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’, ‘സ്മാര്‍ട്ട് ഹോസ്പിറ്റല്‍’ എന്നിവ നമ്മുടെ കേരളത്തിന്റെ മാത്രം ആശയങ്ങളാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
കേരള എഎംആര്‍ സര്‍വെലന്‍സ് നെറ്റുവര്‍ക്കില്‍ ഒട്ടേറെ ആശുപത്രികള്‍ ചേര്‍ന്നു കഴിഞ്ഞു. ഇതില്‍ നിന്നും മാറി നില്‍ക്കുന്ന ചില ആശുപത്രികളുമുണ്ട്. അവയെ സര്‍വെലന്‍സ് നെറ്റുവര്‍ക്കിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. 2023 ഓഗസ്റ്റ് മാസത്തിലാണ് ബ്ലോക്ക്തല എഎംആര്‍ കമ്മിറ്റികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരാഴ്ച നീണ്ട ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണതിതന്റെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്.