തിരുവനന്തപുരം :അരുവിക്കര നിയോജക മണ്ഡലത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. മൈലോട്ടുമൂഴി-ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചൽ റോഡ്, വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചതിനെ തുടർന്ന് ഗതാഗതത്തിനായി തുറക്കുന്നത്.
2023-24 സംസ്ഥാന ബഡ്ജറ്റിൽ നിന്നും 1.50 കോടി രൂപ ചെലവഴിച്ച് നവീകരിച്ച് മൈലോട്ടുമൂഴി-ചായ്ക്കുളം റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 3.30ന് ചായ്ക്കുളം ജംഗ്ഷനിലും 2022-23 ശബരിമല ഫെസ്റ്റിവൽ വർക്കിൾ ഉൾപ്പെടുത്തി 12.90 കോടി രൂപ ചെലവഴിച്ച് നവീകരിച്ച നെട്ടിച്ചിറ-വെള്ളനാട്-പൂവച്ചൽ റോഡിന്റെയും, നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ ചെലവഴിച്ച് നവീകരിച്ച വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡിന്റെയും ഉദ്ഘാടനം വൈകിട്ട് 4.30ന് വെള്ളനാട് ജംഗ്ഷനിലും നടക്കും.
അരുവിക്കര നിയോജക മണ്ഡലത്തിലെ കാട്ടാക്കട – നെയ്യാർഡാം റോഡിനേയും മുതിയാവിള – ഒറ്റശേഖരമംഗലം റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് മൈലോട്ടുമൂഴി-ചായ്ക്കുളം-ആമച്ചൽ റോഡ്. ഈ റോഡിന്റെ 950 മീറ്ററാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിരിക്കുന്നത്.
മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പ്രധാന റോഡ് ആണ് നെട്ടിറച്ചിറ വെള്ളനാട് – പൂവച്ചൽ റോഡ്. നെടുമങ്ങാട് -ആര്യനാട് റോഡിൽ നിന്നും തുടങ്ങി പൂവച്ചലിൽ അവസാനിക്കുന്ന ഈ റോഡിന് നീളം 11.8 കിലോമീറ്ററും ശരാശരി ഏഴ് മീറ്റർ വീതിയുമാണുള്ളത്
അരുവിക്കര നിയോജക മണ്ഡലത്തെയും കാട്ടാക്കട നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളനാട് കണ്ണമ്പള്ളി-ചെപ്പോട്- മുളയറ റോഡ്. ഈ റോഡിന്റെ 2,600മീറ്ററാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിരിക്കുന്നത്.
റോഡുകളുടെ ഇരുവശത്തും മെറ്റലിട്ട് ബലപ്പെടുത്തി 5.50 മീറ്റർ മുതൽ 7.00 മീറ്റർ വീതിയിൽ 50 എം.എം കനത്തിൽ ബി.എം, 30 എം.എം കനത്തിൽ ബി.സി എന്നിവ ചെയ്താണ് നവീകരിച്ചത്. കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ ഓട, സംരക്ഷണഭിത്തി, കലിങ്കുകൾ എന്നിവയും റോഡ് സുരക്ഷക്കാവശ്യമായ മാർക്കിങ്, സ്റ്റഡ്, ബോർഡ് എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
ഇരു ചടങ്ങുകളിലും ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരിക്കും. അടൂർ പ്രകാശ് എം.പിയാണ് മുഖ്യാതിഥി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, രാധിക ടീച്ചർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പങ്കെടുക്കും.