കാര്യവട്ടം: കേരളാ യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ടമെന്റ് അലൂംനി അസോസിയേഷൻ (KUDAAA) ഏർപ്പെടുത്തിയ അസ്ഹരി തങ്ങൾ എക്‌സലൻസി അവാർഡിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകർത്താവും അറബി പണ്ഡിതനുമായ മൈലാപ്പൂർ ഷൗക്കത്തലി മൗലവിയെ തെരെഞ്ഞെടുത്തു. കേരളത്തിലെ അറബി ഭാഷ പ്രചാരണത്തിനും വിവർത്തനത്തിനും നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. പ്രശസ്‌ത അറബി പണ്ഡിതനും നിരവധി കൃതികളുടെ രചയിതാവുമായ അബ്ദുൽ റഹ്മാൻ അസ്ഹരി തങ്ങളുടെ പേരിൽ 2017 മുതലാണ് അവാർഡ് നൽകി തുടങ്ങിയത്. കാലിക്കറ്റ് മുൻ രജിസ്ട്രാറും അറബി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൽ മജീദ് ഉദുമ, ഡോ.ജമാലുദീൻ ഫാറൂഖി, ഡോ. നിസാറുദീൻ, ഡോ. താജുദീൻ മന്നാനി എന്നിവരടങ്ങിയതാണ് അവാർഡ് നിർണ്ണയ കമ്മിറ്റി. പ്രശസ്ത്രിപത്രവും ഫലകവു൦ അടങ്ങുന്നതാണ് അവാർഡ്. അന്താരാഷ്ട്ര അറബിഭാഷ ദിനാചരണത്തോടനുബന്ധിച്ച് കേരള സർവകലാശാല അറബി വിഭാഗത്തിൽ ജനുവരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഡോ. ഹഫീസ് പൂവച്ചൽ, ഡോ. ഹാരിസ് അഷ്അരി ഡോ. നൗഷാദ് ഹുദവി എന്നിവർ അറിയിച്ചു.