അട്ടപ്പാടി മധു വധകേസ് ;14പ്രതികൾ കുറ്റക്കാർ ;ശിക്ഷ നാളെ1 min read

4/4/23

പാലക്കാട്‌ :അട്ടപ്പാടി മധു വധകേസിൽ 16പ്രതികളിൽ 14പേർ കുറ്റക്കാരെന്ന് കോടതി.ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്ബതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്ബതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

13 പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞു. അന്യായമായി സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍, പട്ടിക വര്‍ഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. 16 ആം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രം. ഇയാള്‍ക്കെതിരെ ഐപിസി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ഇത്.

മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ച ഹുസൈന്‍ മധുവിന്‍റെ നെഞ്ചിലേക്ക് ചവിട്ടി. ഇതോടെ മധു പിറകിലുള്ള ഭണ്ഡാരത്തില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു. ഹുസൈന്റെ കടയില്‍ നിന്ന് മധു സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

മധു അജുമുടി കാട്ടില്‍ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനില്‍ നിന്ന് അറിഞ്ഞ് മറ്റ് പ്രതികള്‍ക്കൊപ്പം വണ്ടിക്കടവിലെത്തി, അവിടെ നിന്ന് റിസവര്‍ വനത്തില്‍ അതിക്രമിച്ചു കയറി. മധുവിനെ പിടികൂടിയത് രണ്ടാം പ്രതി മരക്കാറാണ്. മധുവിനെ പിടിക്കാന്‍ കാട്ടില്‍ കയറിയ പ്രതികളില്‍ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീന്‍. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി, വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിന്‍്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിനരികാകന്‍ കയ്യില്‍ കെട്ടിയ സിബില്‍ പിടിച്ച്‌ നടത്തിച്ചതും ഷംസുദീനാണ്.

അഞ്ചാം പ്രതി രാധാകൃഷ്ണനാണ് കാട്ടില്‍ കയറി പിടികൂടിയ മധുവിന്‍്റെ ഉടുമുണ്ട് അഴിച്ച്‌ ദേഹമടക്കം കൈകള്‍ കൂട്ടിക്കെട്ടുകയും പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. ആറാം പ്രതി അബൂബക്കറും ഏഴാം പ്രതി സിദ്ദീഖും ചേര്‍ന്ന് കാട്ടില്‍ കയറി പിടിച്ചു കൊണ്ടുവരുന്ന വഴി മധുവിന്‍്റെ പുറത്ത് ഇടിക്കുകയും കയ്യില്‍ പിടിച്ച്‌ നടത്തിക്കുകയും ചെയ്തു.

മറ്റ് പ്രതികള്‍ക്കൊപ്പം കാട്ടില്‍ കയറി മധുവിനെ പിടികൂടി മുക്കാലിയിലെയും കാട്ടില്‍ നിന്ന് കൊണ്ടു വരുന്നതിന്റെയും ദൃശ്യങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് എട്ടാം പ്രതി ഉബൈദാണ്. മധുവിനെ കാട്ടില്‍ കയറി പിടിക്കാന്‍ ഒമ്ബതാം നജീബിന്റെ ജീപ്പിലാണ് പ്രതികള്‍ പോയത്. നജീബ് മധുവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മധുവിനെ കാട്ടില്‍ കയറിയ പിടിച്ച ശേഷം അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടങ്ങുന്ന ചാക്ക് കെട്ട് മധുവിന്റെ തോളില്‍ വച്ചു കൊടുക്കുകയും നടത്തികൊണ്ടു വരുന്ന വഴി ദേഹോപദ്രവമേല്‍പ്പിക്കുകയാണ് പത്താം പ്രതി ജൈജുമോന്‍ ചെയ്തത്.

പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് എന്നിവര്‍ മറ്റ് പ്രതികള്‍ക്കൊപ്പം കാട്ടില്‍ കയറി മധുവിന്‍റെ ഉടുമുണ്ട് അഴിച്ച്‌ കൈകള്‍ കെട്ടാന്‍ സഹായിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേര്‍ന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത് പതിനാലാം പ്രതി ഹരീഷാണ്. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേര്‍ന്ന് മധുവിന്റെ കൈകള്‍ കെട്ടിയ സിബ്ബില്‍ പിടിച്ച്‌ നടത്തിച്ചത് പതിനഞ്ചാം പ്രതി ബിജു. മുക്കാലിയിലെത്തിച്ചപ്പോള്‍ മധുവിന്‍റെ കയ്യില്‍ പിടിച്ച്‌ ഇയാള്‍ മുതുകില്‍ ഇടിച്ചു. മുക്കാലിയില്‍ എത്തിച്ച മധുവിനെ കാല്‍മുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു പതിനാറാം പ്രതി മുനീര്‍ ചെയ്തത്.

മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച്‌ അവഹേളിച്ച പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയും മുക്കാലിയില്‍ ആള്‍ക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ച നാലാം പ്രതി അനീഷിനെയുമാണ് കോടതി വെറുതെ വിട്ടത്.

മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

Leave a Reply

Your email address will not be published. Required fields are marked *