ത്യാഗത്തിന്റെ സ്മരണ പുതുക്കി ഇന്ന് ബലിപ്പെരുന്നാൽ1 min read

29/6/23

ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടും ഒരു ബലി പെരുന്നാള്‍ കൂടി എത്തിയിരിക്കുകയാണ്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയിലാണ് ഇസ്ളാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.സ്‌നേഹം കൈമാറി പരസ്പരം സാഹോദര്യം പുലര്‍ത്താനുള്ള അസുലഭ മുഹൂര്‍ത്തമാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണമുണ്ട്. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും.

പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച്‌ ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക്.വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. സാഹോദര്യവും മതസൗഹാര്‍ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താൻ ഈ മഹത്തായ ദിനം പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയില്‍ പറഞ്ഞു. ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുല്‍ അസ്ഹ സ്‌നേഹവും അനുകമ്ബയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.പരസ്പര സ്നേഹം പങ്കുവെച്ച്‌ ബലി പെരുന്നാള്‍ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മം ലോകത്തിന് നല്‍കുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും ജനചിന്തയുടെ ബലിപെരുന്നാള്‍ ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *