ബാലരാമപുരം കൊലപാതകത്തിൽ പ്രതി പിടിയിൽ1 min read

തിരുവനന്തപുരം :ബാലരാമപുരം കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ.വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിംപ്ലാവിള പുത്തൻ വീട്ടില്‍ ബിജു (40) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും ചേർന്ന് രാവിലെ മുതല്‍ ഉച്ചവരെ മദ്യപിച്ചിരുന്നു. ശേഷം ഇവർ സ്വന്തം വീടുകളിലേക്ക് മടങ്ങി. തുടർന്ന് വൈകിട്ട് 4.45ഓടെ ബിജുവിനെ കുമാർ ഫോണില്‍ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍ നിന്ന് പുറത്തിറങ്ങി ബൈക്കിലിരുന്ന കുമാറിന്റെ അടുത്തേക്കെത്തി. ഉടൻതന്നെ കുമാർ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും നിലത്ത് വീഴുകയായിരുന്നു. ഇയാളെ ഉടൻതന്നെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാർ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. രാവിലെ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *