5/8/23
തിരുവനന്തപുരം: ട്യൂഷൻ സെന്ററുകളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് നിരോധനമേര്‍പ്പെടുത്തി ബാലാവകാശ കമ്മിഷൻ. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.
പരീക്ഷകള്‍ക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന രാത്രികാല ക്ളാസുകള്‍ക്കും വിലക്കേപ്പെടുത്തി. നൈറ്റ് ക്ളാസുകള്‍ വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങള്‍ പല ട്യൂഷൻ സെന്ററുകളും പാലിക്കുന്നില്ലെന്നാണ് പരാതി. അദ്ധ്യാപകര്‍ ഒപ്പമില്ലാതെയും ഭീമമായ തുക വാങ്ങിയുമാണ് ട്യൂഷൻ സെന്ററുകള്‍ വിനോദയാത്രകള്‍ നടത്തുന്നതെന്ന് കമ്മിഷൻ വിലയിരുത്തി. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നതിനാല്‍ ട്യൂഷൻ സെന്ററുകളില്‍ വിദ്യാര്‍ത്ഥികളെ വിനോദയാത്രയ്ക്ക് നിര്‍ബന്ധിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
പല ട്യൂഷൻ സെന്ററുകളും ആരാണ് നടത്തുന്നതെന്ന് പോലും കൃത്യമായ വിവരമില്ലാത്തതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി. ഉത്തരവില്‍ അറുപത് ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മിഷൻ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.