രാജസ്ഥാൻ :അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപിയുടെ രാജസ്ഥാൻ മുഖ്യമന്ത്രി പ്രഖ്യാപനം. മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിന്ന വസുന്ധരയുടെ മോഹങ്ങൾക്ക് കനത്ത പ്രഹരം നൽകി ഭജൻലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയായി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചു.
ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജൻലാല്‍ ശര്‍മ്മ സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ആദ്യമായാണ് ഭജൻലാല്‍ ശര്‍മ്മ എംഎല്‍എയാകുന്നത്. ഛത്തീസ്ഗഡിലും മദ്ധ്യപ്രദേശിലും ബിജെപി മുഖ്യമന്ത്രി കസേരയില്‍ പുതുമുഖങ്ങളെ നിയോഗിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും പാര്‍ട്ടിയുടെ സര്‍പ്രൈസ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭജൻലാല്‍ ശര്‍മ്മ തന്റെ ആദ്യ എംഎല്‍എ സ്ഥാനം ഉറപ്പിച്ചത്. ദിയ കുമാരിയും പ്രേംചന്ദ് ബൈര്‍വയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ദിയാ കുമാരി രജപുത്ര വിഭാഗത്തില്‍പ്പെട്ടയാളാണ്. പ്രേംചന്ദ് ബൈര്‍വ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ്. ജയ്പൂരില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര നിരീക്ഷകൻ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിക്കുകയായിരുന്നു.