കല്ലറയിലും ഭരതന്നൂരിലും സ്റ്റേഡിയ നിർമാണങ്ങൾക്കു തുടക്കം,കായിക രംഗത്തെ അടിസ്ഥാന വികസത്തിന് 2,000 കോടി ചെലവഴിച്ചു : മന്ത്രി വി അബ്ദുറഹിമാൻ1 min read

തിരുവനന്തപുരം :കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ രണ്ടായിരം കോടിയിലധികം രൂപ ഇതിനോടകം ചെലവഴിച്ചതായി സംസ്ഥാന കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ. 500 കോടി രൂപയുടെ തുടർപ്രവർത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. വാമനപുരം നിയോജക മണ്ഡലത്തിലെ കല്ലറ തണ്ണിയത്തും ഭരതന്നൂർ പഞ്ചായത്തിലും നിർമിക്കുന്ന കളിക്കളങ്ങളുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിപ്രകാരമാണ് ഇരു പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർത്ഥ്യമാകുന്നത്. മത്സരങ്ങളിൽ വിജയിക്കാനല്ല, നമ്മുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഓരോ പഞ്ചായത്തിലും ഇത്തരത്തിൽ കളിക്കളങ്ങൾ നിർമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കല്ലറ തണ്ണിയത്ത് നിർമിക്കുന്ന സ്‌റ്റേഡിയത്തിന് ഒരു കോടി രൂപയാണ് നിർമാണ ചെലവ്. അമ്പതു ലക്ഷം രൂപ ഡി കെ മുരളി എം എൽ എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അമ്പതു ലക്ഷം രൂപ സംസ്ഥാന കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് ചെലവഴിയ്ക്കുന്നത്. ഭരതന്നൂർ നിർമിക്കുന്ന സ്റ്റേഡിയവും ഒരു കോടി രൂപ നിർമാണ ചെലവിലാണ് പൂർത്തിയാക്കുക. മുഴുവൻ തുകയും കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് ചെലവഴിയ്ക്കുന്നത്.

സംസ്ഥാന കായിക വകുപ്പ് വാമനപുരം മണ്ഡലത്തിൽ നിലവിൽ മൂന്നു കോടി രൂപയുടെ മൂന്നു പ്രവൃത്തികളാണ് നടപ്പാക്കിവരുന്നത്. കല്ലറ, ഭരതന്നൂർ സ്‌റ്റേഡിയങ്ങൾക്കു പുറമേ ആലന്തറ നീന്തൽ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ഒരു കോടി രൂപാ ചെലവഴിച്ചും ചെയ്തുവരികയാണ്.

വയനാട്ടിൽ ഉണ്ടായ പ്രതിസന്ധിയടക്കം എല്ലാം നമ്മൾ അതിജീവിയ്ക്കുമെന്നും പ്രതിസന്ധികൾ അതിജീവിയ്ക്കുന്നതോടൊപ്പം ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു വിട്ടു വീഴ്ചയും സംസ്ഥാന സർക്കാർ വരുത്താറിലെന്നും ഇരു ചടങ്ങുകളിലും അധ്യക്ഷനായ ഡി കെ മുരളി എം എൽ എ പറഞ്ഞു.

കല്ലറയിൽ നടന്ന ചടങ്ങിൽ കല്ലറ ഗ്രാമപഞ്ചായത് പ്രസിഡൻ്റ് ജി ജെ ലിസിയും ഭരതന്നൂരിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എം ഷാഫിയും സ്വാഗതം പറഞ്ഞു. വിവിധ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരും ഒരു ചടങ്ങുകളിലും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *