ഡല്‍ഹി: ബിജെപിയുടെ മുതിർന്ന നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്ന. രാജ്യത്തെ പരമോന്നത ബഹുമതി അദ്വാനിക്ക് നല്‍കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്.
തങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞൻ എന്നാണ് അഭിനന്ദനക്കുറിപ്പില്‍ അദ്വാനിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
”അദ്വാനിജിക്ക് ഭാരതരത്നം നല്‍കുന്ന വിവരം ഏറെ സന്തോഷത്തോടെ ഞാൻ അറിയിക്കുകയാണ്. പുരസ്‌കാരവിവരം അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും അഭിനന്ദനം പങ്കുവ‌്ക്കുകയും ചെയ‌്തു. ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ. രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം നല്‍കിയ സംഭവനകള്‍ ബൃഹത്താണ്. സമൂഹത്തിന്റെ താഴേക്കിടയില്‍ നിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ സേവനമാണ് അദ്വാനിജീക്കുള്ളത്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ ശ്ലാഘനീയവും ഉള്‍ക്കാഴ്‌ച പൂർണവുമായിരുന്നു”.- മോദി കുറിച്ചു.
1970 മുതല്‍ 1989 വരെ രാജ്യസഭാഗമായിരുന്ന അദ്വാനി ജനതാഭരണത്തില്‍ വാർത്താവിനിമയ മന്ത്രിയായിരുന്നു. ദൂരദർശനേയും ആകാശവാണിയേയും സ്വതന്ത്രമാക്കുവാനുള്ള ആദ്യശ്രമം നടത്തിയത് അദ്വാനിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഏർപ്പെടുത്തിയ മാദ്ധ്യമവിരുദ്ധ നിയമങ്ങളെല്ലാം അദ്ദേഹം എടുത്തു കളഞ്ഞു.
1980 ല്‍ ബി.ജെ.പി രൂപീകരിച്ചതുമുതല്‍ ആറുവർഷക്കാലം അദ്വാനിയായിരുന്നു ജനറല്‍ സെക്രട്ടറി. 1986 ല്‍ അദ്ദേഹം പാർട്ടി പ്രസിഡന്റായി. ബി.ജെ.പിയുടെ വളർച്ചയും അവിടെ ആരംഭിക്കുകയായിരുന്നു. 2008 മാർച്ചില്‍ ‘മൈ കണ്ട്രി മൈ ലൈഫ്’ എന്ന പേരില്‍ ആത്മകഥാപരമായ രചന നടത്തി. കാണ്ഡഹാർ സംഭവത്തില്‍ ഭീകരരെ വിട്ടു കൊടുക്കുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്ന പരാമർശം വിവാദമായിരുന്നു.