ബിനോയ്‌ വിശ്വം കാനത്തിന്റെ പിൻഗാമി, സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ചു1 min read

തിരുവനന്തപുരം :കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വത്തെ നിയോഗിച്ചു.

ഏകകണ്ഠമായാണ് സംസ്ഥാന എ‌ക്‌സിക്യൂട്ടീവ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി സെക്രട്ടറി ഡി രാജ അറിയിച്ചു. ഈ മാസം 28ന് സംസ്ഥാന കൗണ്‍സില്‍ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കുമെന്നും ഡി രാജ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവില്‍ ഇടതുമുന്നണിയെയും ശക്തിപ്പെടുത്താൻ ശ്രമിക്കും. ഇടയ്ക്ക് വിമര്‍ശിക്കാറുണ്ടെങ്കിലും മാദ്ധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നല്‍കിയ പിന്തുണയെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്. കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.കേന്ദ്ര സെക്രട്ടറിയേറ്റില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ്.

കാല്‍പ്പാദത്തിലെ ശസ്ത്രക്രിയയ്ക്കു വേണ്ടി രണ്ടാമതും പാര്‍ട്ടി നേതൃത്വത്തിന് കാനം മൂന്ന് മാസത്തെ അവധി അപേക്ഷ നല്‍കിയപ്പോള്‍, തനിക്കൊപ്പം ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിന് സെക്രട്ടറിച്ചുമതല നല്‍കണമെന്ന നിര്‍ദ്ദേശവും വച്ചിരുന്നു. 16, 17 തീയതികളില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം ഇത് ചര്‍ച്ചചെയ്യാനിരിക്കെയാണ് കാനത്തിന്റെ വിടവാങ്ങല്‍. കാനം അവസാനമായി പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വച്ച നിര്‍ദ്ദേശം എന്ന നിലയിലുമാണ് ബിനോയ് വിശ്വത്തിന് ചുമതല കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *