തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ കുഴിച്ചിട്ട റോഡുകള്‍ നികത്താതെ, അപകടകരവും ഗതാഗത യോഗ്യമല്ലാതെയുമാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ റോഡിലെ കുഴികള്‍ നികത്തി പ്രതിഷേധിച്ചു. വഴുതയ്ക്കാട് ജംഗ്ഷനില്‍ നിന്നും കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് പോകുന്ന പ്രധാന റോഡിലെ കുഴികള്‍ നികത്തിയാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. വനിതകളടക്കമുള്ള കൗണ്‍സിലര്‍മാരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പ്രതിഷേധം വഴുതയ്ക്കാട് ജംഗ്ഷനിലെ വലിയ കുഴികള്‍ നികത്തി വാഹനങ്ങള്‍ ഓടിക്കുകയും ചെയ്തു. ഒരുമണിയോടെ സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് പോലിസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നന്ദാവനം പോലീസ് ക്യാമ്പിലേക്ക് മാറ്റി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറു മാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും സ്‌കൂള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്രയ്ക്കും വേണ്ടിയാണ് കുഴികള്‍ നികത്തുന്നതിനായി കൗണ്‍സിലര്‍മാര്‍ മുന്നിട്ടിറങ്ങിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ് പറഞ്ഞു. ഏഴുവര്‍ഷങ്ങളായി സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് പണം കേന്ദ്രം അനുവദിച്ചിട്ട്. ഇത്രകാലമുണ്ടായിട്ടും പണികള്‍ ചെയ്യാതെ അവസാനം നിമിഷം റോഡുകള്‍ കുഴിക്കുകയായിരുന്നു. നഗരത്തിലെ മറ്റ് റോഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സ്‌കൂളുകള്‍ക്ക് സമീപമുള്ള റോഡുകള്‍ക്ക് മുന്നില്‍ ആദ്യം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലുടനീളമുള്ള റോഡുകളില്‍ കേബിളുകള്‍ ഇടുന്നതിന് വലിയ കുഴികള്‍ എടുത്തിരുന്നു. മാസങ്ങളായി ഈ കൂറ്റന്‍ കുഴികള്‍ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കിയിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ല. പരാതികള്‍ ഉയര്‍ന്നിട്ടും നഗരസഭയും മേയറും പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍ആരോപിച്ചു.
അറസ്റ്റ് ചെയ്ത കൗണ്‍സിലര്‍മാരെ വൈകുന്നേരത്തോടെ വിട്ടയച്ചു.