ഗവർണർക്കെതിരായ ഓർഡിനൻസ് അഴിമതിക്ക് കുടപിടിക്കാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസ് സംസ്ഥാന സർക്കാർ ഇറക്കുന്നത് അഴിമതിക്ക് കുടപിടിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ വെട്ടിക്കൊല്ലാൻ ശ്രമിക്കുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി പരസ്യമായി ഭീഷണിമുഴക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഇത്തരം ഭീഷണിക്ക് മുമ്പിൽ വഴങ്ങാത്തതു കൊണ്ടാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കാൻ ശ്രമിക്കുന്നത്. സർ സിപിയെ പോലെ ഗവർണറെയും ആക്രമിക്കുമെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടിക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും യഥേഷ്ടം നടത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണ്. നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി ബിജെപി അംഗീകരിച്ചു തരില്ല. സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും ഭരണഘടനാ വിരുദ്ധതയെ തുറന്നുകാണിക്കാൻ ഈ മാസം 15 മുതൽ 30 വരെ ബിജെപി പ്രവർത്തകർ കേരളത്തിലെ എല്ലാ വീടുകളിലും സമ്പർക്കം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി രാജിവെക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കോൺഗ്രസ്- സിപിഎം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ഉദ്ദാഹരണമാണ്. എവിടെ ഭരണപക്ഷം പ്രതിരോധത്തിലാവുന്നോ അവിടെ സഹായത്തിനെത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് കാലാകാലങ്ങളായി ഇരുമുന്നണികളും പരസ്പരം ആവർത്തിച്ചു പോരുന്ന രാഷ്ട്രീയ നാടകമാണ്. മേയറെ രക്ഷിച്ചെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. മേയർക്കെതിരെ സമരം ചെയ്തതിന് തല്ലുകൊണ്ട കെഎസ് യു ക്കാരോട്കെ .സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.