തിരുവനന്തപുരം: കണ്ണമ്മൂല കലാകൗമുദി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപി കണ്ണമ്മൂല ഏര്യാ കമ്മറ്റി ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനില്‍ ഉദ്ഘാടനം ചെയ്തു. വേനല്‍മഴ പെയ്തപ്പോള്‍ തന്നെ തലസ്ഥാന നഗരത്തിന് താങ്ങുവാന്‍ പറ്റാത്ത തരത്തില്‍ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ടും പകര്‍ച്ചവ്യാധി ഭീഷണിയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നും നഗരസഭാ ഭരണകൂടവും സംസ്ഥാന ഗവണ്‍മെന്റും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദൈനംദിന പത്ര വിതരണത്തിന് പോലും തടസ്സം സംഭവിക്കുന്ന രീതിയില്‍ കലാകൗമുദി റോഡില്‍ എല്ലാ സ്ഥാപനങ്ങളും ജനങ്ങളും ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വഞ്ചിയൂര്‍ റോഡ്, വഴുതയ്ക്കാട് റോഡ്, ചാല എന്നിവിടങ്ങളില്‍ യാത്ര ചെയ്യാന്‍പോലും സാധിക്കാത്ത തരത്തില്‍ തകര്‍ന്നുകിടക്കുകയാണ്. നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ ചാലയിലെ വെള്ളക്കെട്ട് കാരണം വ്യാപാരികള്‍ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്. കലാകൗമുദി റോഡ് മാത്രമല്ല നഗരത്തിലെ തകര്‍ന്നുകിടക്കുന്ന എല്ലാ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി ബിജെപി സമരമുഖം തുറക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഇനി റോഡുകള്‍ വെട്ടിക്കുഴിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തിരുമല അനില്‍ പറഞ്ഞു.
കണ്ണമ്മൂല ഏര്യാ പ്രസിഡന്റ് വി.എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പട്ടം മണ്ഡലം പ്രസിഡന്റ് വി.ശ്രീനാഥ്, ജനറല്‍ സെക്രട്ടറി ജി.മഹാദേവന്‍, വൈസ് പ്രസിഡന്റുമാരായ ഷീജ മധു, രേണുക, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശിശിരകുമാര്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഡിജിന്‍ ഡിക്രൂസ്, ഏര്യ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മണ്ഡലം കമ്മറ്റി അംഗം സ്വാമിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.