തിരുവനന്തപുരം :ആദ്യകാല BJP നേതാവും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറലുമായ അഡ്വ പൂന്തുറ സോമൻ (70 വയസ്സ്) അന്തരിച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘത്തിലുടെ പൊതു പ്രവർത്തന രംഗത്ത് വന്ന പൂന്തുറ സോമൻ ജനസംഘത്തിലും പിന്നീട് ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു
പൂന്തുറ വലിയ പഴവാർ വീട്ടിൽ പരേതരായ ഗംഗാധരൻ്റേയും ഭവാനിയുടേയും മകനാണ്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സ്ഥാപക സെക്രട്ടറി ജനറൽ. ബി.ജെ.പി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച 1982 ൽ നേമം നിയോജക മണ്ഡലത്തിൽ നിന്നും ലീഡർ K കരുണാകരനെതിരെ മത്സരിച്ചിരുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി 15 വർഷം ജോലി നോക്കിയ ശേഷം സ്വയം വിരമിച്ച് അഭിഭാഷകവൃത്തിയിൽ 30 വർഷം സേവനമനുഷ്ടിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നു. കേരള കളരിപ്പയറ്റ് അസോസിയേഷൻ്റെ സെക്രട്ടറിയായും കേരള സ്റ്റേറ്റ് സ്പോർട്ട് കൗൺസിൽ അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. കളരിപ്പയറ്റുമായി ബന്ധപ്പെട്ട് അമേരിക്ക, ലണ്ടൻ, ജപ്പാൻ, കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് അസോസിയേഷനുകൾക്ക് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ രൂപം നൽകി. നാഷണൽ ഗെയിംസിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ഇദ്ദേഹത്തിൻ്റെ പരിശ്രമഫലമായി കളരിപ്പയറ്റിനെ മത്സര ഇനമായി ഉൾപ്പെടുത്തി. സിനിമാതാരങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ശിഷ്യന്മാർ ഉണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പും ചരിത്രത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദവും നേടിയിരുന്നു. കളരിപ്പയറ്റ് : അത്ഭുതാവഹമായ ഒരു ആയോധനകല എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭാര്യ ഹെലൻ സോമൻ മക്കൾ അദ്വൈത് P സോമൻ, അഡ്വ ഭഗവത് P സോമൻ. സഞ്ചയനം ഒക്ടോബർ 28 തിങ്കൾ രാവിലെ 9 മണിക്ക് വഞ്ചിയൂർ അന്തിയാർമഠം ലൈനിൽ B4(1)ലെ സ്വവസതിയിൽ.