തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ സിപിഎമ്മുമായി ബന്ധമുള്ള വ്യക്തികളാണ് പങ്കാളികളായിട്ടുള്ളത്. ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ സ്‌ഫോടനത്തില്‍ മരിച്ചു. മുന്‍ കേരള ആരോഗ്യ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വടകരയിലെ സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ ഒപ്പമുള്ള ഷെറിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഇത്തരം സ്‌ഫോടനങ്ങള്‍ നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലയില്‍ ഉടനീളം ഇത്തരത്തില്‍ നിരവധി ബോംബ് നിര്‍മാണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുന്നതിനും പൗരന്മാര്‍ക്ക് ഭയമില്ലാതെ പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷനോട് ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.