കാലിക്കറ്റ്‌ സർവകലാശാലയിൽ വീണ്ടും SFI പ്രതിഷേധം1 min read

കോഴിക്കോട് :കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ.

ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത ടീ ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ചും കറുത്ത കൊടി ഉയര്‍ത്തികാണിച്ചുമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കറുത്ത ബലൂണുകളുമായാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടപടിയാരംഭിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പൊലീസ് വാഹനത്തിലേക്ക് കയറാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശി. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷം തുടരുകയാണ്. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. അല്‍പസമയത്തിനകം പരീക്ഷാ ഭവനില്‍ ഗവര്‍ണര്‍ നടക്കുന്ന പരിപാടി ആരംഭിക്കും. ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന് അല്‍പം മുൻപാണ് വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായത്. എഐഎസ്‌എഫിന്‍റെ നേതൃത്വത്തില്‍ പ്രധാന കവാടത്തിന് മുന്നിലും പ്രതിഷേധമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *