തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടിയുടെ പദ്ധതിയുമായി കേന്ദ്രം; സന്നിഗ്ദ്ധ ഘട്ടത്തിൽ കേരളത്തിന് മോദി സർക്കാരിൻ്റെ സഹായഹസ്തമെന്ന് രാജീവ് ചന്ദ്രശേഖർ1 min read

 

തിരുവനന്തപുരം: 2024 ഡിസംബറിനു മുൻപ് 21,253 കോടി രൂപ വരെ കടമെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയതിനു പിന്നാലെ തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2022 ഫെബ്രുവരി 28-ന് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്. പ്രസ്തുത മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകൽപ്പന നൽകുന്നത്. ഇതിൻ പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ (അതായത് 75%) കേന്ദ്ര സർക്കാർ നൽകും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.
“മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തിരുവനന്തപുരം നിവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ട്‌ സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് ഇതിന്മേൽ വേണ്ട നടപടികൾ ഇനിയും കൈക്കൊള്ളേണ്ടത്. 2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു”വെന്ന് രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

തലസ്‌ഥാനത്തെ ജനങ്ങൾക്ക് മേൽ ദുരിതം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ മെച്ചം സംസ്‌ഥാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *