തിരുവനന്തപുരം :അതിഥി തൊഴിലാളികൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹെൽപ് ഡെസ്ക് ശ്രീകാര്യത്ത് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തൊഴിൽ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികൾക്കായാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.
സാക്ഷരതാ മിഷൻ നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായ ഹെൽപ്പ് ഡെസ്കിൽ തൊഴിലാളികൾക്കാവശ്യമായ സേവനങ്ങൾ ഉറപ്പാക്കും. എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്മാരായി കാണുന്ന ഈ പദ്ധതി മാതൃകാപരമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി കേരള സർക്കാർ സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി.
2018 ൽ ആരംഭിച്ച പദ്ധതി ഓരോ വർഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്. ഈ വർഷം തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിലാണ് നടത്തുന്നത്.
അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്കാരം, ആരോഗ്യം, ശുചിത്വം എന്നിവയിൽ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകൾ ക്രമീകരിക്കും. ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് അദ്ധ്യക്ഷനായി. സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കോർഡിനേറ്റർ കെ വി രതീഷ് സ്വാഗതവും അസിസ്റ്റൻ്റ് കോർഡിനേറ്റർ സജിത നന്ദിയും പറഞ്ഞു. കോർഡിനേറ്റർ ടി വി ശ്രീജൻ, എ ആർ ഭദ്രൻ, ഉദയകുമാരി,
സുനിൽകുമാർ, അരുൺ കുമാർ എം എസ്, ജിതിൻ സി ആർ, തങ്കമണി എസ് ആർ, അനു എ എസ്, കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിൻ്റെ ഓഫീസിനോട് ചേർന്നാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.