തിരുവനന്തപുരം : കേരളാ പൊലീസ് സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളില് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രതചരിപ്പിച്ചത് അടക്കമുള്ള കേസുകളില്‍ 10 പേരെ അറസ്റ്റ് ചെയ്യുകയും 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചതിന് കേരളാ പൊലീസ് സംസ്ഥാനത്തുടനീളം 10 പേരെ അറസ്റ്റ് ചെയ്തു . കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തുവെന്നാരോപിച്ച് കേരളാ പൊലീസ് സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളില് 10 പേരെ അറസ്റ്റ് ചെയ്യുകയും 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
123 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ചൈല്‍ഡ് പോണോഗ്രഫി തടയുന്നതിനുള്ള കേരള പൊലീസിന്റെ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത് . മലപ്പുറം ജില്ലയില്‍ നിന്ന് നാല് പേരെയും ഇടുക്കി, കൊച്ചി നഗരങ്ങളില്‍ നിന്ന് രണ്ട് പേരെ വീതവും ആലപ്പുഴ, എറണാകുളം റൂറല്‍ ഏരിയകളില്‍ നിന്ന് ഓരോരുത്തരെയും പിടികൂടിയതായി പൊലീസ് അറിയിക്കുന്നു.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേരള പൊലീസ് സിസിഎസ്ഇ (ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷൻ കൗണ്ടറിങ്) ടീമിന്റെ പ്രത്യേക വിഭാഗമാണ് ഓപ്പറേഷൻ പി-ഹണ്ട്. നിയമപ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നുള്ളതാണ്.
ഓപ്പറേഷൻ പി ഹണ്ട്: ചൈല്‍ഡ് പോണോഗ്രഫി തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല ഉള്ളടക്കം അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ഉള്‍പ്പടെയുള്ള 270 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 142 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐടി ജീവനക്കാരും യുവാക്കളും ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ പരിശോധനകളിലാണ് കുട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്ത ആളുകളെ പിടികൂടിയത്. 2023 ഫെബ്രുവരി 26 ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഒരേസമയം സംസ്ഥാനത്തുടനീളം പരിശോധന നടത്തി. പി-ഹണ്ട് 23.1 എന്ന പേരിലാണ് കേരള പൊലീസ് സിസിഎസ്ഇ സംഘം റെയ്ഡ് നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 858 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്.
കുട്ടികളുടെ അശ്ലീല വീഡിയോ അടങ്ങിയ മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്, കംപ്യൂട്ടറുകള്‍, തുടങ്ങിയവയാണ് ഓപ്പറേഷന്റെ ഭാഗമായി പിടിച്ചെടുത്തത്. പിടികൂടിയ മൊബൈലില്‍ നിന്നും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട ആളുകളുമായുള്ള നിരവധി ചാറ്റുകളും കണ്ടെത്തിയിട്ടുണ്ട്.