ബ്രഹ്മപുരം തീ പിടിത്തത്തിൽ പ്രത്യേക സമിതി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി1 min read

15/3/23

തിരുവനന്തപുരം :ബ്രഹ്മപുരം തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി . വിശദമായ ത്രിതല അന്വേഷണമായിരിക്കും നടക്കുക. തീ പിടുത്തത്തിന്റെ കാരണം എന്ത്? ഉത്തരവാദികള്‍ ആരൊക്കെ?, കൊച്ചി കോര്‍പറേഷന് വീഴ്പറ്റിയോ? തീ പിടുത്തവുമായി ബന്ധപ്പെട്ട മറ്റ് കാരണങ്ങളുണ്ടായോ തുടങ്ങിയ വിഷയങ്ങള്‍ സമിതി പരിശോധിക്കും. പോലീസ് എടുത്ത എഫ്‌ഐആറില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചു.

തീ പിടുത്തമുണ്ടായി 13 ദിവസം പിന്നിടുമ്ബോഴാണ് മുഖ്യമന്ത്രി വിഷയത്തില്‍ സഭയില്‍ ഒരു പ്രതികരണത്തിന് തയ്യാറാകുന്നത്. കഴിഞ്ഞ രണ്ട് ദിവസവും സഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചുവെങ്കിലും പരിസ്ഥിതി- മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

തീപിടുത്തത്തില്‍ പോലീസ് അന്വേഷണവും ബ്രഹ്മപുരം പ്ലാന്റിലെ പറ്റി വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ബ്രഹ്മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച്‌ ഒരു വിജിലന്‍സ് അന്വേഷണം നടത്തും.

കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നു. ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തും. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയില്‍ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കി. വിദ?ഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകള്‍ തേടിയെന്നും എന്നാല്‍ പ്രായോഗികമല്ലാത്തതിനാല്‍ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

ബ്രഹ്മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവര്‍ക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നുമുള്ള നിര്‍ദേശവും നല്‍കി. പ്രത്യേക മെഡിക്കല്‍ ക്യാമ്ബുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച്‌ 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച്‌ 13ന് പൂര്‍ണമായും അണച്ചു. വിവിധ ഏജന്‍സികളും ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്ബുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്‌നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *