9/6/23
തിരുവനന്തപുരം :കേരളത്തിലെ കോൺഗ്രസിൽ വി. ഡി.സതീശനെതിരെ പടയൊരുക്കം.. സാധാരണയിൽ നിന്നും വ്യത്യസ്തമായി എ ഐ ഗ്രൂപ്പുകൾ ഒരുമിച്ചാണ് സതീശന് നേരെ പൊരിനൊരുങ്ങുന്നത്.നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. എ,ഐ ഗ്രൂപ്പുകള്‍ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
പാര്‍ട്ടി പുനസംഘടനയെ തുടര്‍ന്ന് ഗ്രൂപ്പുകളെ ദുര്‍ബലപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന പരാതിയാണ് നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.പാര്‍ട്ടി പിടിക്കലാണ് സതീശന്റെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി. രമേശ് ചെന്നിത്തല, എം എം ഹസ്സൻ, കെ സി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, എം കെ രാഘവൻ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ ബംഗളൂരുവിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു.
മുതിര്‍ന്ന നേതാക്കളെ സതീശൻ വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ പ്രധാന വിമര്‍ശനം. പുനസംഘടനാ പട്ടികയിലടക്കം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരൻ നടത്തിയ പരാമര്‍ശങ്ങള്‍ നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്നും എ ഗ്രൂപ്പിന് പരാതിയുണ്ട്. പ്രസ്താവനകളില്‍ ഒതുങ്ങിനിന്നതല്ലാതെ വിഷയം ആളിക്കത്തിക്കാനോ ഇടതുമുന്നണിയെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ സോളാര്‍ കമ്മീഷനെതിരെ നടത്തിയ പരാമര്‍ശം ദിവാകരൻ തന്നെ തിരുത്തിയതിനാലാണ് വിഷയം കൂടുതല്‍ സജീവമാക്കാതിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
അതേസമയം, സംസ്ഥാനത്തെ പാര്‍ട്ടിക്കകത്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ചെറിയ ചെറിയ കാറ്റാണെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെ കുറിച്ച് അറിയില്ല. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയില്ല എന്ന പരാതി ശരിയല്ല. ഇക്കാര്യത്തില്‍ പരാതിക്കാരെ നേരിട്ട് കാണും. പ്രതിപക്ഷ നേതാവ് എന്ത് പാതകം ചെയ്തുവെന്ന് തനിക്ക് അറിയില്ല. പാര്‍ട്ടിക്കകത്തെ ഐക്യം തകരാതെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്നും സുധാകരൻ പറഞ്ഞു.