കോപ്പ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളി കൊളംബിയ1 min read

ന്യുജേഴ്‌സി :കോപ്പ അമേരിക്കയുടെ ഫൈനൽ പോരിൽ അർജന്റീനയുടെ എതിരാളി കൊളമ്പിയ.

രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലേമയുടെ ഗോളിലൂടെയാണ് കൊളംബിയൻ മുന്നേറ്റം.

സൂപ്പർ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍നിന്നാണ് കൊളംബിയയുടെ ഗോള്‍ വന്നത്. കൊളംബിയക്ക് അനുകൂലമായി ലഭിച്ച കോർണർ, റോഡ്രിഗസ് പെനാല്‍റ്റി ബോക്സിലേക്ക് കൈമാറുകയും ഉയർന്നു ചാടി മികച്ച ഹെഡറിലൂടെ ലേമ അത് ഗോളാക്കി മാറ്റുകയുമായിരുന്നു. മിന്നും ഫോം തുടരുന്ന റോഡ്രിഗസിന്റെ ടൂർണമെന്റിലെ ആറാമത്തെ അസിസ്റ്റാണിത്.

ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പ ജേതാക്കളായ അർജന്റൈൻ താരം ലയണല്‍ മെസ്സിയുടെ പേരില്‍ നിലനിന്ന അഞ്ച് അസിസ്റ്റുകളുടെ റെക്കോഡാണ് റോഡ്രിഗസ് മറികടന്നത്.

അതിനിടെ ആദ്യ പകുതിയുടെ അധിക മിനിറ്റില്‍ ഡാനിയല്‍ മുനോസിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായി. ഇതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി. യുറഗ്വായ് താരം ഉഗാർട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി ശിക്ഷ വിധിച്ചത്. 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യ മഞ്ഞക്കാർഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് റെഡ് കാർഡ് ലഭിച്ചത്. 15-ാം മനിറ്റില്‍ മുനോസിന് ഒരു ഹെഡർ ഗോളിന് വഴിയൊരുങ്ങിയെങ്കിലും പന്ത് പുറത്തേക്ക് പോയിരുന്നു.

പത്തുപേരുമായി രണ്ടാംപകുതി ആരംഭിച്ച കൊളംബിയൻ ടീമില്‍ അതിന്റെ പ്രതിഫലനം കാണാനായി. ആദ്യപകുതിയിലേതു പോലെയുള്ള മുന്നേറ്റങ്ങളോ മൂർച്ചയുള്ള ആക്രമണങ്ങളോ രണ്ടാംപകുതിയില്‍ കാണാനായില്ല. അതേസമയം യുറഗ്വായ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ച്‌ കളിക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. 66-ാം മിനിറ്റില്‍ സൂപ്പർ താരം ലൂയിസ് സുവാരസ് കളത്തിലെത്തിയതോടെ യുറഗ്വായ് കൂടുതല്‍ ഉണർന്നു. സുവാരസിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പിഴച്ചു.

കിക്കോഫ് മുതല്‍ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കൂടുതല്‍ സമയവും കൊളംബിയയാണ് പന്ത് കൈവശം വെച്ച്‌ കളിച്ചത്. 17-ാം മിനിറ്റില്‍ യുറഗ്വായ്ക്ക് ലഭിച്ച മികച്ച അവസരം നൂനസ് നഷ്ടപ്പെടുത്തി. നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയി. നൂനസ് തുടർന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളിലേക്ക് നയിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *