ഡൽഹി :സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സുണ്ട്. നെഞ്ചിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചികിത്സയിലായിരുന്നു.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി, സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് തമിഴ്നാട്ടിലെ മദ്രാസിലാണ് ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യെച്ചൂരി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ജെ.എൻ.യുവിൽ പഠിക്കുന്നതിനിടെ രാജ്യത്തെ മുൻനിര വിദ്യാർഥി നേതാക്കളിൽ ഒരാളായും യെച്ചൂരി മാറി.
ജെ എൻ.യുവിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്‌ടനായത്. 1974ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാനായില്ല.
അടിയന്തിരാവസ്ഥ കാലത്ത് മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പം യെച്ചൂരിയും അറസ്റ്റിലായി. 1986ൽ SFI ദേശീയ പ്രസിഡൻറായി. 1984ൽ 32-ാം വയസ്സിൽ സിപിഎം കേന്ദ്രക്കമ്മിറ്റിയിലെത്തി. 1988ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായി. 1992ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി.
2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് സിപിഎം ജനറൽ സെക്രട്ടറിയായത്. 2018ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാം വട്ടവും പാർട്ടിയുടെ ഉന്നതപദവിയിലെത്തി. പാർട്ടി മുഖപത്രം പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററാണ്. 2005ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക സീമാ ചിസിയാണ് ഭാര്യ. അന്തരിച്ച യുവ മാധ്യമപ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവരാണ് മക്കൾ.