12/11/22
തിരുവനന്തപുരം :നിയമസഭ ചേരുന്നത് തീരുമാനിക്കുന്നത് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.നിയമസഭ സമ്മേളനം ചേരുമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയല്ല തീരുമാനിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറാണ് ഒപ്പിടേണ്ടത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ സാധ്യതയില്ല. എന്നാല്‍, ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേസമയം, ഓര്‍ഡിനന്‍സ് ഇറക്കുന്നതിനൊപ്പം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാറിന് നീക്കമുണ്ട്. അതിനാല്‍ ഉടന്‍ നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭ സമ്മേളിക്കാനാണ് നീക്കം.
എന്നാല്‍, 15ന് സഭ പിരിയാതെ നിര്‍ത്തിവെച്ച് ക്രിസ്മസിനു ശേഷം വീണ്ടും ചേര്‍ന്ന് ജനുവരി വരെ തുടര്‍ന്നാല്‍ അതുവഴി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തല്‍കാലത്തേക്ക് ഒഴിവാക്കാന്‍ സാധിക്കും. അതിന്റെ നിയമവശങ്ങളെ കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. പുതിയ വര്‍ഷത്തിലെ ആദ്യ നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം.
1990ല്‍ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ നായനാര്‍ സര്‍ക്കാര്‍ സമാനതന്ത്രം പ്രയോഗിച്ചിരുന്നു. തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയതും സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതും കണക്കിലെടുക്കുന്നുണ്ട്.