29/4/23
തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കല സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുമതി വേണമെന്ന് സര്‍ക്കുലര്‍. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യൂണിറ്റ് മേധാവികളില്‍ നിന്നുമാണ് അനുമതി തേടേണ്ടത്. നാടക പ്രവര്‍ത്തനം, സിനിമ പ്രവര്‍ത്തനം, റേഡിയോകളില്‍ ശബ്‌ദ നാടകങ്ങള്‍, സാഹിത്യ പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കാന്‍ ഇനി മുതല്‍ അനുമതി തേടണം എന്നാണ് പുതിയ ശാസന.
കലാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസം മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കണം. പൊലീസ് ആസ്ഥാനത്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ നിന്നും തന്നെ ഒരു മാസത്തിന് മുന്‍പ് അനുമതി ലഭിച്ചതായി ഉത്തരവ് വാങ്ങണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് പറഞ്ഞു ആരംഭിക്കുന്ന ഉത്തരവില്‍ അതാത് യൂണിറ്റ് ഓഫിസുകളില്‍ നിന്നും ഇതേ മാതൃകയില്‍ അനുമതി തേടണം.
അച്ചടക്ക സേന എന്ന നിലയിലാണ് മുന്‍കൂര്‍ അനുമതി തേടണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. യൂണിറ്റ് മേലധികാരിയുടെ ശുപാര്‍ശയോട് മാത്രമേ കലാപ്രവര്‍ത്തനങ്ങള്‍ക്കായി അവധി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ഓരോരുത്തരുടെയും അപേക്ഷ പ്രത്യേകമായി പരിശോധിച്ച ശേഷമാകും അനുമതി നല്‍കുക.
സര്‍ക്കാര്‍ തലത്തില്‍ അപേക്ഷ പരിഗണിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. അനുമതിക്കായി ഓരോ അപേക്ഷകന്‍റെയും മെറിറ്റ് സ്കോറും പരിശോധിക്കും. അനുമതി ഇല്ലാതെ കല,സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.