ധനുവച്ചപുരം : ധനുവച്ചപുരം റേഡിയോ പാർക്ക് ജംഗ്ഷനിൽ നിന്നും ഉദിയൻകുളങ്ങര NH റോഡ് അവസാനിക്കുന്ന ഭാഗത്ത്, ശിവശക്തി ക്ഷേത്രത്തിന് സമീപത്തായി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ മാസങ്ങളോളമായി സ്ഥാപിച്ചിരിക്കുന്ന അറിയിപ്പു ബോർഡും പരസ്യ ബോർഡുകളും അപകട സാധ്യത വർധിപ്പിക്കുന്നു.
ധനുവച്ചപുരം റേഡിയോ പാർക്ക് ജംഗ്ഷനിൽ നിന്നും ഉദിയൻകുളങ്ങര ശിവശക്തി ക്ഷേത്രത്തിന് സമീപത്ത് NH ലേക്ക് വന്നു ചേരുന്ന റോഡിലാണ് അപകടകരമായ ഈ സാഹചര്യം നിലവിലുള്ളത്. അമരവിള – കാരക്കോണം റോഡ് പുതുക്കിപ്പണിയുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ഇക്കാരണം കൊണ്ട് തന്നെ സമീപകാലത്തായി ഈ റോഡിലേക്കുള്ള തിരക്ക് വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധനുവച്ചപുരത്ത് സ്ഥിതിചെയ്യുന്നുണ്ട്. ധനുവച്ചപുരത്തുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും, ധനുവച്ചപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന യാത്രക്കാരും, വിദ്യാർത്ഥികളുമെല്ലാം ഈ റോഡിനെയാണ് ആശ്രയിച്ചിരിക്കുന്നത്. പുതിയതായി യാത്രാസൗകര്യം ഒരുക്കിയിട്ടുള്ള ബൈപ്പാസിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡും ഈ ഭാഗത്ത് നിന്നാണ് തുടങ്ങുന്നത്.
റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ധനുവച്ചപുരം – ഉദിയൻകുളങ്ങര റോഡിലെ പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉദിയൻകുളങ്ങര ശിവശക്തി ക്ഷേത്രത്തിന് സമീപത്തായി മാസങ്ങൾക്കു മുൻപേ അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പാലം പണി ആരംഭിച്ചിട്ടില്ല. ഇതിനടുത്തായി സ്ഥിതിചെയ്യുന്ന വൈദ്യുത തൂണുകളിലും വിവിധ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട് . യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളായ രാവിലെയും വൈകുന്നേരവും റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാർ ഭൂരിഭാഗം പേരും ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. പ്രവർത്തി ദിവസങ്ങളിൽ ഈ റോഡിലൂടെയുള്ള യാത്രാതിരക്ക് വളരെയധികം കൂടുതലാണ്. കാഴ്ച മറച്ചുകൊണ്ട് യാത്രക്കാർക്ക് അസൗകര്യമാകുന്നതും അപകടം സൃഷ്ടിക്കുന്നതുമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ബോർഡുകൾ കാരണം വലിയ രീതിയിലുള്ള അപകട സാധ്യതയുണ്ട്.
ഇതുമായി ബന്ധപ്പെട്ട മേൽ ഉദ്യോഗസ്ഥർ ഇതിന് ഉചിതമായ പരിഹാരമാർഗ്ഗം ഉടനെ തന്നെ കാണണമെന്നും വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകളെ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഇടപെട്ട് എത്രയും വേഗം മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.